ജനന സർട്ടിഫിക്കറ്റടക്കം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക്; ഡിജിറ്റൽ കേരള ആർക്കിടെക്ചർ പദ്ധതിക്ക് നടപടി തുടങ്ങി

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-ഗവേണൻസ് സംവിധാനം അടുത്ത ഘട്ടത്തിലേക്ക്. ഒരു വ്യക്തിയുടെ ജനനം മുതൽ ലഭ്യമാക്കേണ്ട സർക്കാർ സേവനങ്ങളെല്ലാം ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ നൽകാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ കേരള ആർക്കിടെക്ചർ പദ്ധതിക്കാണ് നടപടികൾ തുടങ്ങുന്നത്. പഠനം പൂർത്തിയായി വിശദപദ്ധതിരേഖ തയ്യാറാക്കുകയാണിപ്പോൾ. നിലവിൽ വിവിധ പോർട്ടലുകളെ ആശ്രയിക്കുന്ന സംവിധാനത്തിനുപകരം എല്ലാ സർക്കാർസേവനങ്ങൾക്കുമായി ഒറ്റ പോർട്ടലിനെയോ ആപ്ലിക്കേഷനെയോ ആശ്രയിച്ചാൽ മതിയാകും.

ഡിജിറ്റൽ സേവനങ്ങൾ, ആധാർ സേവനങ്ങൾ, പേമെന്റ് ഗേറ്റ്‌വേ, നോട്ടിഫിക്കേഷൻ സേവനങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ചാകും പദ്ധതി. പ്രാഥമികമായി 2.03 കോടി അനുവദിച്ചിരുന്ന പദ്ധതിക്കുള്ള നടപടികൾ ആരംഭിക്കുന്നതിന് വൈകിയതിനാൽ പണം തിരികെ സർക്കാരിലേക്ക് മടക്കിയിരുന്നു. പിന്നീട് പദ്ധതിസംബന്ധിച്ച പഠനം നടത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്മാർട്ട് ഗവൺമെന്റിനെ ഏൽപ്പിച്ചു. അവർതന്നെ വിശദ പദ്ധതിരേഖയും തയ്യാറാക്കും. ഇതിനായി സർക്കാർ 32 ലക്ഷം അനുവദിച്ചിട്ടുണ്ട്. 81 വകുപ്പുകളിലെ തൊള്ളായിരത്തോളം സേവനങ്ങൾ വിവിധ പോർട്ടലുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയുമായി ഇപ്പോൾ ലഭിക്കുന്നുണ്ട്. ഒരുവിഭാഗം സേവനങ്ങൾ ആദ്യം സംയോജിപ്പിച്ചശേഷം അവ പരീക്ഷിക്കും. ഘട്ടംഘട്ടമായി എല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!