സര്‍ക്കാര്‍ ബസുകളില്‍ ആളെക്കൂട്ടാന്‍ തമിഴ്‌നാട്; ഇരുചക്രവാഹനവും ടി.വിയുമടക്കം സമ്മാനങ്ങള്‍

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഇരുചക്രവാഹനം, ടി.വി. തുടങ്ങിയ സമ്മാനങ്ങള്‍. ചെന്നൈ നഗരത്തില്‍ സര്‍വീസ് നടത്തുന്ന എം.ടി.സി., അന്തസ്സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന എസ്.ഇ.ടി.സി. അടക്കം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് സമ്മാനം.
നറുക്കെടുപ്പിലൂടെയാണ് സമ്മാനാര്‍ഹരെ കണ്ടെത്തുന്നത്. നവംബര്‍ 21 മുതല്‍ ജനുവരി 20 വരെയുള്ള യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍നിന്ന് മൂന്നുപേരെ വിജയികളായി തിരഞ്ഞെടുക്കും. ഒന്നാം സമ്മാനമായി ഇരുചക്രവാഹനം നല്‍കും. സ്മാര്‍ട്ട് ടി.വി.യാണ് രണ്ടാം സമ്മാനം. റഫ്രിജറേറ്ററാണ് മൂന്നാം സമ്മാനം. ഇതുകൂടാതെ മാസം തോറും കാഷ് പ്രൈസും നല്‍കുന്നുണ്ട്.
കഴിഞ്ഞ ജൂണ്‍മുതല്‍ പ്രതിമാസ സമ്മാന പദ്ധതി നടപ്പാക്കുന്നുണ്ട്. പൊങ്കലിനോടനുബന്ധിച്ചാണ് ഇപ്പോള്‍ പുതിയ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്. മാസം 13 പേര്‍ക്കാണ് കാഷ്പ്രൈസ് നല്‍കുന്നത്. മൂന്നുപേര്‍ക്ക് 10,000 രൂപ വീതവും ബാക്കിയുള്ളവര്‍ക്ക് 2000 രൂപ വീതവുമാണ് നല്‍കുന്നത്.
സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാരുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. സ്വകാര്യ ബസുകളെ അപേക്ഷിച്ച് നിരക്ക് കുറവായിട്ടും സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യാന്‍ പലരും തയ്യാറാകുന്നില്ല. സര്‍ക്കാര്‍ ബസ് സര്‍വീസുകളുടെ നിലവാരത്തെക്കുറിച്ചുള്ള തെറ്റിധാരണയാണ് ഇതിനു കാരണം. ഇത് മാറണമെങ്കില്‍ ആളുകള്‍ ഒരിക്കലെങ്കിലും സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യണം. ഇതിന് വേണ്ടിയാണ് സമ്മാന പദ്ധതി നടത്തുന്നതെന്ന് എസ്.ഇ.ടി.സി. എം.ഡി. ആര്‍. മോഹന്‍ പറഞ്ഞു.