ഹെഡ്ലൈറ്റുകള്‍ ഡിംചെയ്യൂ, റോഡില്‍ പുലര്‍ത്തേണ്ട മാന്യതയാണത്; 1000 രൂപ വരെ പിഴ ഈടാക്കാം

വൈക്കം: രാത്രിയാത്രകളില്‍ എതിരേവരുന്ന വാഹനങ്ങളുടെ വെളിച്ചം പലരെയും അലോസരപ്പെടുത്താറുണ്ട്. ഹെഡ്ലൈറ്റുകള്‍ ഡിംചെയ്യാതെ എതിരേവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ കണ്ണില്‍ വെളിച്ചം പതിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ഹെഡ്ലൈറ്റ് ഡിംചെയ്യാതെ ഓടിക്കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷന്‍ 2017, 31(4) പ്രകാരം കുറ്റകരമാണ്.മോട്ടോര്‍ വാഹനനിയമം 117 എ പ്രകാരം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കേസ് എടുക്കാം. പിഴ ഈടാക്കാന്‍ കഴിയില്ല. കോടതിക്ക് മാത്രമാണ് പിഴ ഈടാക്കാനുള്ള അധികാരം. ആദ്യതവണ 500 രൂപയും രണ്ടാംതവണ 1000 രൂപയുമാണ് പിഴ. കൂടുതല്‍ ദൂരത്തേക്ക് നേര്‍ദിശയില്‍ പ്രകാശം പരത്താനുള്ളതാണ് ഹെഡ്ലൈറ്റിലെ ബ്രൈറ്റ് മോഡ്. 100 മീറ്ററിലേറെ ദൂരത്തേക്ക് പ്രകാശം പരക്കും. ഡിം മോഡില്‍ കുറഞ്ഞ പരിധിയില്‍ താഴ്ന്ന് മാത്രമാകും ഹെഡ് ലൈറ്റിന്റെ പ്രകാശം പതിക്കുക.
പല വാഹനനിര്‍മാതാക്കളും ഹാലജന്‍ ഹെഡ്ലൈറ്റുകള്‍ക്ക് പകരം എല്‍.ഇ.ഡി., എച്ച്.ഐ.ഡി., പ്രോജക്ടട് ലാമ്പുകള്‍ ഹെഡ് ലൈറ്റില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എ.ആര്‍.എ.ഐ.) അംഗീകാരത്തോടെയാണ് വാഹനങ്ങളുടെ ഓരോ ഭാഗവും നിര്‍മിക്കുന്നത്. ഹെഡ്ലൈറ്റുകളുടെ തീവ്രതസംബന്ധിച്ചും ഇവര്‍ പരിശോധന നടത്തും. അതിനുശേഷമാണ് വാഹനം പുറത്തിറക്കാന്‍ അനുമതി നല്‍കുന്നത്.
കമ്പനികള്‍ എ.ആര്‍.എ.ഐ.യുടെ അംഗീകാരത്തോടുകൂടി വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ഹെഡ്ലൈറ്റുകള്‍ക്കെതിരേ നടപടി എടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അധികാരമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹെഡ്ലൈറ്റ് ഡിംചെയ്യേണ്ടത് എപ്പോള്‍
എതിരേവരുന്ന വാഹനം 200 മീറ്ററെങ്കിലും അടുത്തെത്തുമ്പോള്‍.
തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്ന റോഡുകളില്‍.
വാഹനത്തിന്റെ തൊട്ടുപിന്നിലായി പോകുമ്പോള്‍
രാത്രിയില്‍ വശങ്ങളിലേക്ക് തിരിയാനായി ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുമ്പോള്‍.