കാശില്ലെങ്കിലെന്താ ആപ്പുണ്ടല്ലോ ;കെ.എസ്‌.ആർ.ടി.സിയിൽ ഡിജിറ്റൽ പേമെന്റും

Share our post

തിരുവനന്തപുരം:പണം കൈയിൽ കരുതില്ലെന്ന്‌ കരുതി കെഎസ്‌ആർടിസി ബസിൽ കയറാതിരിക്കേണ്ട. ഡെബിറ്റ്‌ കാർഡിലൂടെയും യു.പി.ഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാം. ചലോ ആപ്പുമായി സഹകരിച്ചാണ്‌ പദ്ധതി. നിലവിൽ തിരുവനന്തപുരം ജില്ലയിൽ ചില ബസിൽ ഈ സംവിധാനമുണ്ട്‌. അത്‌ വ്യാപിപ്പിക്കുകയാണ്‌. ഇതുസംബന്ധിച്ച കരാറിൽ ഉടൻ ഒപ്പുവയ്‌ക്കുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.

കെഎസ്‌ആർടിസിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവൽകാർഡും പുതുക്കി ഇതിൽ ഉപയോഗിക്കാനാകും. ക്രെഡിറ്റ്‌ കാർഡ്‌ എടുക്കില്ല. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, മറ്റ്‌ പ്രധാന ബാങ്കുകളുടെ ആപ്പ്‌ എന്നിവയിലൂടെ ടിക്കറ്റ്‌ തുക നൽകാനാകും. നാലായിരത്തിൽ അധികം വരുന്ന ബസുകളുടെ വിവരങ്ങൾ ചലോ ആപ്പിൽ അപ്പ്‌ലോഡ്‌ ചെയ്യുന്ന നടപടികളും പുരോഗമിക്കുകയാണ്‌. യാത്രക്കാർക്ക്‌ തങ്ങളുടെ ബസ്‌ എവിടെ എത്തി, റൂട്ടിൽ ഏതൊക്കെ ബസ്‌ ഓടുന്നുണ്ട്‌ എന്നും ബസ്‌ എത്തുന്ന സമയവും അറിയാനാകും. കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ്‌ പുതിയ പദ്ധതിയുടെ ലക്ഷ്യം.

ഇരുമുടിക്കെട്ട് നിറയ്‌ക്കുന്നിടത്ത് കെ.എസ്‌.ആർ.ടി.സി എത്തും

ഇരുമുടിക്കെട്ട്‌ നിറയ്‌ക്കുന്ന സ്ഥലങ്ങളിലെത്തി തീർഥാടകരെ ശബരിമലയിലെത്തിക്കാൻ ഒരുങ്ങി കെഎസ്‌ആർടിസി. 40 പേരിൽ കുറയാത്ത സംഘത്തിനാണ്‌ സൗകര്യം ഒരുക്കുക. ഡിപ്പോയ്‌ക്ക്‌ 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക്‌ ഇത്‌ പ്രയോജനപ്പെടുത്താം. 10 ദിവസം മുമ്പ് സീറ്റ് ബുക്കുചെയ്യാം. ഡിപ്പോ അധികൃതർക്കാണ്‌ അപേക്ഷ നൽകേണ്ടത്‌. തീർഥാടനത്തിന്റെ ആദ്യഘട്ടത്തിൽ 383 ബസും രണ്ടാംഘട്ടത്തിൽ 550 ബസും ഉണ്ടാകും. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം വർധിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!