കോടികളുടെ സാമ്പത്തിക ക്രമക്കേട്; സി.പി.എം നിയന്ത്രണത്തിലുള്ള കോളിത്തട്ട് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

ഇരിട്ടി: കോടികളുടെ സാമ്പത്തിക ക്രമക്കേടും നിയമവിരുദ്ധ പ്രവർത്തനങ്ങളും അധികാര ദുർവിനിയോഗവും കണ്ടെത്തിയതിനെത്തുടർന്ന് സി.പി.എം. നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്‌ട്രാർ (ജനറൽ) പിരിച്ചുവിട്ടു. ഇരിട്ടി അസി. രജിസ്‌ട്രാർ ഓഫീസിലെ കോഒാപ്പറേറ്റീവ് ഇൻസ്പെക്ടർ ജയശ്രീയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു.
ക്രമക്കേട് സംബന്ധിച്ച് അസി. രജിസ്‌ട്രാറുടെ പരിശോധനാ റിപ്പോർട്ടിന്റെയും സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.ബാങ്കിന്റെ 10 വർഷത്തെ വരവ്-ചെലവ് കണക്ക് പരിശോധിച്ചപ്പോൾ 8.76 കോടി രൂപ വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി.
ബാങ്കിന്റെ കോളിത്തട്ട് പ്രധാന ശാഖയിൽ നടത്തിയ പരിശോധനയിൽ ഒൻപത് വായ്പയ്ക്കും പേരട്ട ശാഖയിൽ 17 വായ്പയ്ക്കും ഈടായി സ്വീകരിച്ച പണയസ്വർണം കണ്ടെത്താനായില്ല. 21 സ്വർണപ്പണയത്തിൽ ഇടപാടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ ഇടപാട് അവസാനിപ്പിച്ചതായി രേഖയുണ്ടാക്കി സ്വർണ ഉരുപ്പടികൾ മറ്റൊരു സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തിയതായും കണ്ടെത്തി. അങ്ങനെ ലഭിച്ച പണം ബാങ്ക് മാനേജരുടെയും സെക്രട്ടറിയുടെയും മറ്റ് ജീവനക്കാരുടെയും ഭരണസമിതി പ്രസിഡന്റിന്റെയും അക്കൗണ്ടുകളിലേക്ക് വരവ് വെച്ചതായും കണ്ടെത്തി.ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീം പ്രകാരം വായ്പ അനുവദിച്ചവരിൽ 90 ശതമാനവും ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളാണെന്നും ഈ വകയിൽ ലക്ഷങ്ങളുടെ പലിശ ബങ്കിന് ലഭിക്കാനുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.