മരച്ചീനിക്കും കുരുമുളകിനും പ്ലേഗ്‌ പുഴു ആക്രമണം; കർഷകർക്ക് കണ്ണീർ

Share our post

കൊല്ലം: മരച്ചീനി, കുരുമുളക് വിളകളിൽ പ്ലേഗ് പുഴുവിന്റെ തീവ്രമായ ആക്രമണം. കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്തിലെ അണ്ടൂരിലാണ് മരച്ചീനിക്ക് പ്ലേഗ് പുഴു ആക്രമണം റിപ്പോർട്ട് ചെയ്തത്. പിന്നീട് ആര്യങ്കാവ്, റോസ്‌മല ഭാഗങ്ങളിൽ കുരുമുളകുകൃഷിക്ക് വ്യാപകമായ ആക്രമണം കണ്ടെത്തി. ഇലകൾ പൂർണമായി തിന്നുതീർക്കുന്നത്‌ വിളവിനെ ബാധിക്കുമെന്നതിനാൽ കർഷകർക്ക് വലിയ നഷ്ടമുണ്ടാകുമെന്ന് ആശങ്കയുണ്ട്.

വാഴ, പച്ചക്കറി കൃഷികളിലേക്കും പ്ലേഗ്‌ പുഴു പടരുമെന്നതിനാൽ കൃഷിവകുപ്പ്, അടിയന്തര പ്രതിരോധനടപടികളിലേക്ക് കടന്നു. കാർഷിക സർവകലാശാലയുടെ കൊല്ലം കൃഷി വിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ സംഘം സ്ഥലം സന്ദർശിച്ചു. ഏതു വിളയെ ആക്രമിച്ചാലും പ്ലേഗ് പുഴു ഇല പൂർണമായി നഷ്ടപ്പെടുത്തുന്നതോടെ പ്രകാശസംശ്ലേഷണം ഇല്ലാതാകുകയും വിളവിനെ ബാധിക്കുകയും ചെയ്യും. കുരുമുളകിന് തിരികൾ വീഴുന്ന സമയത്തുണ്ടായ ആക്രമണം കർഷകർക്ക് ഇരുട്ടടിയാണ്. റോസ്‌മലയിൽ ഏക്കർകണക്കിന് കുരുമുളകുതോട്ടങ്ങളിലാണ് കീടാണു ബാധിച്ചിരിക്കുന്നത്. 2022-ലാണ് പ്ലേഗ് പുഴുവിന്റെ സാന്നിധ്യം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. വിളകളെ മാത്രമല്ല, റബ്ബറിന്റെ തോട്ടപ്പയറിലും മറ്റു കളകളിലും പുല്ലിലുമെല്ലാം ആക്രമണമുണ്ടാകാറുണ്ട്.

കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. എം.ലേഖ (കീടശാസ്ത്രം), ഡോ. വി.സരോജ്കുമാർ (ഹോർട്ടികൾച്ചർ), ഫാമിങ് സിസ്റ്റം റിസർച്ച് സ്റ്റേഷനിലെ ഡോ. സി.ആർ.മനു (കീടശാസ്ത്രം) എന്നിവരുടെ സംഘമാണ് കൃഷിത്തോട്ടങ്ങളിൽ പരിശോധന നടത്തിയത്.

കളകളെയും പുല്ലിനെയുംവരെ ബാധിക്കും

പട്ടാളപ്പുഴുവിനെപ്പോലെ ധാരാളമായി ഇല ഭക്ഷിച്ച് കൃഷിക്ക് നാശംവിതയ്ക്കാൻ ശേഷിയുള്ള കീടമാണിവ. വാണിജ്യവിളകളെ ആക്രമിക്കുന്നതിനാൽ ഇവയെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പുഴുവിന്റെ ആക്രമണം രൂക്ഷമായ കൃഷിയിടങ്ങളിൽ ജൈവകീടനാശിനിയായ ബി.ടി.കെ. (ബാസില്ലസ് തുറിഞ്ചിയൻസിസ് കുസ്താക്കി) തളിക്കണം. മിത്ര കുമിളുകളായ ബ്യുവേറിയ ബാസിയാന അല്ലെങ്കിൽ മെറ്റാറൈസിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലക്കി തളിക്കുകയും ചെയ്യാം.-കൃഷിവിജ്ഞാനകേന്ദ്രം, കൊല്ലം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!