മറവിരോഗം അനുഭവിക്കുന്ന വയോജനങ്ങൾക്ക് സഹായമാകേണ്ട‘ഓർമ്മത്തോണി പദ്ധതി’ പ്രതിസന്ധിയിൽ

Share our post

സാമൂഹികനീതിവകുപ്പിന്റെ കീഴിലുള്ള പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിലെ നിയന്ത്രണം വയോജനങ്ങൾക്കായുള്ള ‘ഓർമ്മത്തോണി’പോലുള്ള പദ്ധതികളെയും പ്രതിസന്ധിയിലാക്കി. മറവിരോഗം കണ്ടെത്തി അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷമാദ്യം ഓർമ്മത്തോണി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച കൈപ്പുസ്തകവും പുറത്തിറക്കിയിരുന്നു. എന്നാൽ, നിലവിൽ പദ്ധതിയുടെ പ്രവർത്തനത്തിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. ഡിമെൻഷ്യ അല്ലെങ്കിൽ അൽഷിമേഴ്‌സ്‌രോഗീസൗഹൃദ കേരളം സൃഷ്ടിക്കുകയെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച പദ്ധതി മുട്ടിലിഴയുകയാണ്.

അറുപതുവയസ്സിന് മുകളിലുള്ളവരുടെ വീടുകളിലെത്തി അൾഷിമേഴ്‌സിന്റെയോ ഡിമെൻഷ്യയുടെയോ ലക്ഷണങ്ങൾ കണ്ടെത്തുന്നതാണ് പദ്ധതി. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവർക്ക് പരിചരണത്തിലൂടെ രോഗതീവ്രത കുറയ്ക്കാനും ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുമുള്ള സഹായം ലഭ്യമാക്കും. ഹെൽപ്പ്‌ലൈൻ, വെബ്‌സൈറ്റ്, കെയർ സെന്റർ, ഓർമ്മ ക്ലിനിക് എന്നിവയിലൂടെയാണ് പരിചരണം നൽകുക. രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലാ മാനസികാരോഗ്യപദ്ധതിയിലേക്കും തൊട്ടടുത്ത ആശുപത്രിയിലേക്കും റഫർ ചെയ്യും. മരുന്നുകൾ വയോമിത്രം പദ്ധതിയിലൂടെ ലഭ്യമാക്കും. വയോജനങ്ങൾക്ക് കൈത്താങ്ങാവുമായിരുന്ന പദ്ധതിയാണ് എങ്ങുമെത്താതെ നിശ്ചലമാവുന്നത്.

വീടുകയറിയുള്ള വിവരശേഖരണത്തിനായി കേരള ആരോഗ്യസർവകലാശാല തയ്യാറാക്കിയ ചോദ്യാവലിയും പരിശോധനകളുമാണ് നടത്തുക. സംസ്ഥാന സാമൂഹികസുരക്ഷാമിഷന്റെ സഹകരണത്തോടെയാണ് ഇത്‌ നടപ്പാക്കുന്നത്. ഈ വർഷത്തെ പ്രവർത്തനത്തിനായി 92 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കുതന്നെ ഇതിന്റെ വലിയൊരുഭാഗം ചെലവായി. ഡിമെൻഷ്യാബാധിതർക്കായി ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ പകൽവീടുകൾ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടപ്പായില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!