പരിശീലനത്തിനെത്തിയ പെൺകുട്ടിക്കു പീഡനം: ബാഡ്മിന്റൺ താരം അറസ്റ്റിൽ

തിരുവനന്തപുരം: പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ബാഡ്മിന്റൺ മുൻ താരവും പരിശീലകനുമായ ജോസ് ജോർജ്(45) അറസ്റ്റിൽ. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പൂജപ്പുര പോലീസാണ് പോക്സോ കേസിൽ ഇയാളെ അറസ്റ്റു ചെയ്തത്.
കവടിയാറിൽ ബാഡ്മിന്റൺ അക്കാദമി നടത്തുന്ന ജോസ് ജോർജ് ആറുവർഷംമുൻപ് ഇവിടെ പരിശീലനത്തിനെത്തിയ പെൺകുട്ടിയെ നിർബന്ധിച്ച് പൂജപ്പുരയിലെ വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. അന്ന് പെൺകുട്ടിക്ക് 15 വയസ്സായിരുന്നു പ്രായം. പിന്നീട് പരിശീലനത്തിന്റെ പേരിൽ ഇയാൾ മറ്റു പല സ്ഥലത്തുവെച്ചും പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴിയിലുണ്ട്. എതിർത്തപ്പോൾ ഭീഷണി തുടർന്നു.
അടുത്തിടെയും ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിനു ശ്രമിച്ചു. ഭീഷണി തുടർന്നപ്പോഴാണ് പെൺകുട്ടി വീട്ടുകാരോടു വിവരം പറഞ്ഞത്.തുടർന്ന് പൂജപ്പുര പോലീസിൽ പരാതി നൽകി. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ജോസ് ജോർജ് ചോദ്യംചെയ്യലിനോടു സഹകരിക്കാൻ തയ്യാറായില്ലെന്നാണ് വിവരം.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. ഇപ്പോഴും കവടിയാറിൽ ബാഡ്മിന്റൺ അക്കാദമിയിലെ പരിശീലകനാണ്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻകൂടിയായ ജോസ് ജോർജ് മുൻ ദേശീയ ബാഡ്മിന്റൺ താരവുമാണ്.