ഗോപാൽപേട്ട ഫിഷിങ്‌ വില്ലേജാകും

Share our post

കണ്ണൂർ:ജില്ലയിലെ മത്സ്യഗ്രാമങ്ങളുടെ ആധുനികവൽക്കരണത്തിന്‌ തുടക്കമിട്ട്‌ ആദ്യ ഇന്റഗ്രേറ്റഡ്‌ മോഡേൺ ഫിഷിങ്‌ വില്ലേജ്‌ ചാലിൽ ഗോപാൽപേട്ട മത്സ്യഗ്രാമത്തിൽ സജ്ജമാകും. മത്സ്യമേഖലയിലെ തൊഴിൽ സാഹചര്യങ്ങളും ജീവിതവും മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യവികസനപദ്ധതിയുടെ തുടർച്ചയായാണ്‌ മോഡേൺ ഫിഷിങ്‌ വില്ലേജ്‌ ഒരുക്കുന്നത്‌. കേന്ദ്ര ഫിഷറീസ്‌ വകുപ്പും സംസ്ഥാന ഫിഷറീസ്‌ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ അത്യാധുനിക സൗകര്യങ്ങളാണ്‌ യാഥാർഥ്യമാകുന്നത്‌.തലശേരി നഗരസഭയുടെ ഏഴ്‌ വാർഡുകളുൾപ്പെടുന്നതാണ്‌ ചാലിൽ ഗോപാൽപേട്ട മത്സ്യഗ്രാമം. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സമഗ്ര ആധുനികവൽക്കരണം ലക്ഷ്യമിട്ട്‌ നടപ്പാക്കുന്ന പദ്ധതിയിൽ 7.19 കോടിയുടെ സൗകര്യങ്ങളാണൊരുങ്ങുന്നത്‌. ഇതിൽ 3.47 കോടി കേന്ദ്രഫണ്ടും 3.72 കോടി സംസ്ഥാന സർക്കാർ ഫണ്ടുമാണ്‌. കേരള സ്റ്റേറ്റ്‌ കോസ്‌റ്റൽ ഏരിയ ഡെവലപ്‌മെന്റ്‌ കോർപറേഷൻ ലിമിറ്റഡാണ്‌ ഡി.പി.ആർ തയ്യാറാക്കിയത്‌.

തലായി ഫിഷിങ്‌ ഹാർബറിന്‌ സമീപമൊരുങ്ങുന്ന ആധുനിക മാർക്കറ്റാണ്‌ പദ്ധതിയുടെ പ്രധാന കേന്ദ്രം. മത്സ്യവിപണനത്തിനുള്ള 16 സ്‌റ്റാൾ, മീൻ വൃത്തിയാക്കാനുള്ള സൗകര്യം, മലിനജല സംസ്‌കരണം, എട്ട്‌ റീട്ടെയ്‌ൽ ഷോപ്പുകൾ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. 2.81 കോടിരൂപ ചെലവിൽ നിർമിക്കുന്ന മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കമ്മിറ്റിക്ക്‌ രൂപംനൽകും. ഫിഷറീസ്‌ വകുപ്പധികൃതർ, തലശേരി നഗരസഭാ അധികൃതർ, പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ, മത്സ്യക്കച്ചവടക്കാർ തുടങ്ങിയവർ കമ്മിറ്റിയിൽ അംഗങ്ങളാകും.
40 ലക്ഷം രൂപ ചെലവിൽ പൊതുശൗചാലയവും ഗോപാൽപേട്ടയിൽ നിർമിക്കും. സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമംലക്ഷ്യമിട്ട്‌ പുതിയ അങ്കണവാടി സ്ഥാപിക്കും.

77 ലക്ഷമാണ്‌ അങ്കണവാടിയിലെ വുമൺ ആൻഡ്‌ ചൈൽഡ്‌ ഡെവലപ്‌മെന്റ്‌ സെന്ററിനായി ചെലവഴിക്കുന്നത്‌. നായനാർ കോളനിയിലും കെഇസി കോളനിയിലും മാലിന്യ സംസ്‌കരണസംവിധാനം നിർമിക്കും. തീരദേശത്തിന്‌ ജൈവസംരക്ഷണമൊരുക്കാൻ കണ്ടലുൾപ്പടെ നട്ടുപിടിപ്പിക്കും. മത്സ്യത്തൊഴിലാളികൾക്ക്‌ ഔട്ട്‌ ബോർഡ്‌ മോട്ടോർ ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ റിപ്പയറിങ്‌ കേന്ദ്രവും സ്ഥാപിക്കും.
തെരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികൾക്ക്‌ സൗജന്യമായി നൂറ്‌ ഐസ്‌ പെട്ടികളും അഞ്ച്‌ മത്സ്യത്തൊഴിലാളി സംഘങ്ങൾക്ക്‌ ഇലക്ട്രിക്‌ മത്സ്യവിൽപ്പന കിയോസ്‌കുകളും നൽകും. ഐസ്‌ പെട്ടികളും കിയോസ്‌കും ലഭിക്കാൻ മത്സ്യത്തൊഴിലാളികളിൽനിന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. രണ്ട്‌ വർഷത്തിനുള്ളിൽ മോഡേൽ ഫിഷിങ്‌ വില്ലേജ്‌ പൂർത്തിയാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!