എ.ഡി.എം നവീന്‍ബാബുവിന്റെ മരണം; പി.പി. ദിവ്യയ്ക്ക് ജാമ്യം

Share our post

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ജാമ്യം. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. കളക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു. സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണെന്നും ജാമ്യഹര്‍ജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചിരുന്നു.

ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് നവീന്‍ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!