കണ്ണൂർ വിമാനത്താവളത്തിൽ ഫാസ്ടാഗ് വരുന്നു: പാർക്കിങ് ഫാസ്റ്റ് ആകും

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം ഒരുക്കുന്നു.ഇതോടെ, വാഹനങ്ങൾ പ്രവേശിക്കുമ്പോഴും തിരിച്ച് ഇറങ്ങുമ്പോഴും ഉണ്ടാകുന്ന അനാവശ്യ കാത്തിരിപ്പ് ഒഴിവാകും. വാഹനങ്ങൾക്ക് ടോക്കൺ നൽകുന്നത് ഇതിന്റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ നിർത്തി.വാഹനം പ്രവേശിക്കുമ്പോഴും തിരിച്ച് ഇറങ്ങുമ്പോഴും ക്യാമറകൾ ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ പകർത്തുകയും ടോൾ തുക എക്സിക്യൂട്ടീവ് വഴി അറിയിക്കുകയാണ് ചെയ്യുന്നത്.
ആവശ്യക്കാർക്ക് സമയം, ടോൾ തുക, പാർക്കിങ് ഫീസ് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ രസീത് ലഭിക്കും. വൈകാതെ ഇത് ഫാസ്ടാഗ് വഴി ടോൾ അടക്കുന്ന രീതിയിലേക്ക് മാറ്റാനാണ് തീരുമാനം.
പാർക്കിങ് ഫീസ് (രണ്ട് മണിക്കൂർ വരെ): ഇരുചക്ര വാഹനം-10, ഓട്ടോറിക്ഷ-20, കാർ, ജീപ്പ്-50, മിനി ബസ് -100, ബസ് -120. ∙ അധിക മണിക്കൂറുകൾക്ക് യഥാക്രമം 10, 10, 20, 20, 20 എന്നിങ്ങനെ അധിക ചാർജ് ഈടാക്കും.
ഫാസ്റ്റ് ടാഗ് സംവിധാനം ഇല്ലാത്ത വാഹനങ്ങൾക്കും ഫാസ്ടാഗ് അക്കൗണ്ടിൽ പണം ഇല്ലാത്തവർക്കും വിമാന താവളത്തിൽ കയറുന്നതിന് തടസ്സമുണ്ടാകില്ല.
ഇത്തരം വാഹനങ്ങൾ വിമാന താവളത്തിൽ കയറി ഇറങ്ങുന്ന സമയത്ത് നേരിട്ടു പണം ടോൾ ഗേറ്റിൽ അടക്കാം.