വൃത്തിയാക്കൽ പേരിനുമാത്രം;ചെളിയുംപൊടിയുമായി കെ.എസ്.ആർ.ടി.സി. ബസുകൾ

കൊല്ലം: ബസുകൾ കഴുകുന്നതിന്‍റെ ഇടവേള കൂട്ടിയതോടെ ചെളിയും പൊടിയും നിറഞ്ഞ് കെ.എസ്.ആർ.ടി.സി. ബസുകൾ നാശമാകുന്നു. ഓർഡിനറി ബസുകൾ മാസത്തിലൊരിക്കൽ പൂർണമായി കഴുകിയാൽ മതിയെന്ന നിർദേശംവന്ന് രണ്ടുമാസം പിന്നിട്ടപ്പോഴേക്കും പല ബസുകളിലും കയറാനാകാത്ത സ്ഥിതിയായി.ഓർഡിനറി ബസുകളുടെ പുറം രണ്ടുദിവസത്തിലൊരിക്കൽ കഴുകുകയും ഉൾവശം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യണമെന്നായിരുന്നു നിർദേശം. എന്നാൽ മിക്കയിടങ്ങളിലും ഇത് പാലിക്കുന്നില്ല. ചിലയിടങ്ങളിൽ വെള്ളമില്ലെന്ന പ്രശ്നമുണ്ട്. ദേശീയപാതപണി നടക്കുന്ന ഇടങ്ങളിൽ ദുരിതം ഇരട്ടിയാണിപ്പോൾ.
വേതനം കുറവാണെന്ന വിലയിരുത്തലിനെ തുടർന്ന് ബസ് കഴുകുന്നതിനുള്ള നിരക്ക് ചെറിയ തോതിൽ വർധിപ്പിച്ചിരുന്നു. എന്നാൽ ഇതോടൊപ്പം ബസുകൾ കഴുകുന്നതിനുള്ള ഇടവേള കൂട്ടി. ആഴ്ചയിൽ ഒരുദിവസം മാത്രം ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ പൂർണമായി കഴുകിവൃത്തിയാക്കിയാൽ മതിയെന്നായിരുന്നു നിർദേശം. ഇതിനുള്ള കൂലി 50 രൂപയിൽനിന്ന് 70 രൂപയായാണ് വർധിപ്പിച്ചത്.കഴുകാത്ത ബസുകൾ ബ്രഷുചെയ്ത് വൃത്തിയാക്കുന്നതിന് 10 രൂപയായിരുന്ന കൂലി 15 രൂപയാക്കി. കൂലി കൂട്ടിയിട്ടും ബസ് വൃത്തിയാക്കാൻ താത്കാലിക ജീവനക്കാരെ കിട്ടാത്ത സ്ഥിതിയുണ്ട്. എ.സി. വോൾവോ, സൂപ്പർ ഡീലക്സ്, സ്കാനിയ, സൂപ്പർ എക്സ്പ്രസ്, ജനൽ ഗ്ലാസുള്ള സൂപ്പർ ഫാസ്റ്റ് എന്നിവ ഓരോ ഷെഡ്യൂൾ സർവീസിനുശേഷം പൂർണമായി കഴുകണമെന്നു പറഞ്ഞിട്ടുണ്ട്.
ബസുകളുടെ വൃത്തിയില്ലായ്മ സംബന്ധിച്ച് ഒട്ടേറെ പരാതികൾ കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്നുണ്ട്. ഇതേത്തുടർന്ന് ശുചിത്വം ഉറപ്പാക്കാൻ എക്സിക്യുട്ടീവ് ഡയറക്ടർ (ടെക്നിക്കൽ) പ്രത്യേക സർക്കുലർ ഇറക്കിയിരുന്നു. ബസ് കഴുകൽ സംബന്ധമായ അപാകം ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദികളായ സി.എൽ.ആർ. ജീവനക്കാരെ അടിയന്തരമായി നീക്കണമെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്. ബസ് കഴുകുന്നുണ്ടെന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഹൗസ് കീപ്പിങ് സൂപ്പർവൈസർമാർ വീഴ്ചവരുത്തിയാൽ തത്‌സ്ഥാനത്തുനിന്നു നീക്കംചെയ്യാനും നിർദേശിച്ചതാണ്. ഇതെല്ലാം വെറുതെയായെന്ന് മാത്രം.