ശബരിമല വെര്‍ച്വല്‍ക്യൂവിനോപ്പം കെ.എസ്.ആര്‍.ടി.സി ടിക്കറ്റുമെടുക്കാം

Share our post

തിരുവനന്തപുരം;ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പാടാക്കും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം ഹാളില്‍ ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്‌റ്റേഷനില്‍ നിന്നും 10 കിലോമീറ്ററിനകത്തു നിന്നുള്ള ദൂരത്താണെങ്കില്‍ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും. നിലയ്ക്കല്‍ ടോളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തും. ഓട്ടോമേറ്റഡ് വെഹിക്കിള്‍ കൗണ്ടിങ്ങ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിള്‍ നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം എന്നിവ സജ്ജമാക്കും. ശബരിമലയില്‍ എത്തുന്ന വാഹനങ്ങളുടെ കൃത്യമായ എണ്ണം ഇതോടെ ലഭ്യമാകും.

തീര്‍ത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളും ക്രമീകരിച്ചു. തിരക്ക് അനുസരിച്ച് ബസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. അര മിനിറ്റ് ഇടവിട്ട് 200 ബസുകള്‍ നിലക്കല്‍- പമ്പ സര്‍വീസ് നടത്തും. ത്രിവേണി യു ടേണ്‍, നിലയ്ക്കല്‍ സ്റ്റേഷനുകളില്‍ ഭക്തജനങ്ങള്‍ക്ക് ബസില്‍ കയറാന്‍ പാര്‍ക്കിങ്ങ് സ്ഥലത്ത് തന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേണ്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യവാഹനങ്ങളുടെ നിയമവിരുദ്ധ പാര്‍ക്കിങ്ങ് നിരോധിക്കും.

പമ്പയില്‍ നിന്നും ആവശ്യത്തിന് ഭക്തജനങ്ങള്‍ ബസില്‍ കയറിയാല്‍ പിന്നീട് നിലയ്ക്കലേക്ക് പോകാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തേയ്ക്ക് തിരിക്കും.മോട്ടോര്‍ വെഹിക്കള്‍ വകുപ്പിന്റെ 20 സ്‌ക്വാഡുകള്‍ 250 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലുണ്ടാകും. അപകടം സംഭവിച്ചാല്‍ ഏഴ് മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്ത് എത്തും. അപകടരഹിത യാത്രയ്ക്കായി ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനായി ആറു ഭാഷകളിലായി പ്രമോ വീഡിയോ ചെയ്യും.

ഇലക്ട്രിക്ക് വാഹനങ്ങളാണ് പട്രോളിങ്ങിന് ഉപയോഗിക്കുന്നത്.അപകടമേഖലയായ വിളക്കുവഞ്ചി, മണ്ണാറകുളിഞ്ഞി സ്ഥലങ്ങളില്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കും. തമിഴ് ഭക്തര്‍ക്കായി ആര്യങ്കാവില്‍ നിന്ന് പമ്പയിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പാടാക്കുമെന്നും മന്ത്രി പറഞ്ഞു.റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍, ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, ശബരിമല എഡിഎം അരുണ്‍ എസ്.നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ പൊലിസ് മേധാവി വി. ജി.വിനോദ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തമിഴ്‌നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!