സിംകാര്‍ഡില്ലാതെ സന്ദേശമയക്കാം, ഫോണ്‍ വിളിക്കാം; സ്വകാര്യകമ്പനികളോട് ഏറ്റുമുട്ടാന്‍ ബി.എസ്.എന്‍.എല്‍

Share our post

പുതിയ ലോഗോയും മുദ്രാവാക്യവും അവതരിപ്പിച്ച് അടിമുടി മാറ്റത്തിനൊരുങ്ങി പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി.എസ്എന്‍.എല്‍. രാജ്യവ്യാപകമായി അതിവേഗം 4ജി വിന്യസിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്‍, ഇപ്പോള്‍ ടെലികോം രംഗത്ത് സ്വകാര്യ കമ്പനികളോട് മത്സരിക്കാനുള്ള ശ്രമത്തിലാണ്. 4ജിയ്ക്ക് പിന്നാലെ അധികം വൈകാതെ 5ജിയും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് സിം കാര്‍ഡിന്റെ സഹായമില്ലാതെ ഉപകരണങ്ങള്‍ തമ്മില്‍ ആശയവിനിമയ ബന്ധം സാധ്യമാക്കുന്ന പുതിയ സേവനം കമ്പനി പരീക്ഷിക്കുന്നത്.

‘ഡയറക്ട് ടു ഡിവൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഉപഗ്രഹ ഭൗമ മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ഒന്നിപ്പിച്ച് തടസമില്ലാത്തതവും ആശ്രയിക്കാനാവുന്നതുമായ കണക്ടിവിറ്റി നല്‍കാന്‍ സാധിക്കുന്നതാണെന്ന് ബിഎസ്എന്‍എല്‍ പറയുന്നു. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ ഉപഗ്രഹാധിഷ്ടിത ടു-വേ മെസേജിങ് സേവനം പ്രദര്‍ശിപ്പിച്ച വിയാസാറ്റുമായി സഹകരിച്ചാണ് ഡയറക്ട് ടു ഡിവൈസ് എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

നോണ്‍ ടെറസ്ട്രിയല്‍ നെറ്റ് വര്‍ക്ക് (എന്‍ടിഎന്‍) കണക്ടിവിറ്റിയുള്ള ഒരു വാണിജ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്. ഐഫോണിലും ഫ്‌ളാഗ്ഷിപ്പ് ആന്‍ഡ്രോയിഡ് ഫോണുകളിലുമുള്ള സാറ്റലൈറ്റ് മെസേജിങ് പോലെ അടിയന്തിര സാഹചര്യങ്ങളിലും ദുരന്തമുഖങ്ങളിലും കരയിലോ കടലിലോ ആകാശത്തോ നിന്ന് സന്ദേശമയക്കാന്‍ ഡയറക്ട് ടു ഡിവൈസ് സംവിധാനത്തിലൂടെ സാധിക്കും.

നിലവിലുള്ള സെല്ലുലാര്‍ നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തി അവയെ ഉപഗ്രങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഡയറക്ട് ടു ഡിവൈസ് സാങ്കേതികവിദ്യ ചെയ്യുന്നത്. ഇതുവഴി ബഹിരാകാശത്തെ മൊബൈല്‍ ടവറുകള്‍ പോലെ ഉപഗ്രഹങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവും.

ബിഎസ്എന്‍എലിനെ കൂടാതെ സ്വകാര്യ കമ്പനികളായ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവരും ഉപഗ്രഹ കണക്ടിവിറ്റി സേവനങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതിനകം ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ എത്തിച്ച ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഈ രംഗത്ത് വലിയ വെല്ലുവിളിയായുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇതിനകം ഉപഗ്രഹ കണക്ടിവിറ്റി എത്തിച്ചുകഴിഞ്ഞു.

അതേസമയം ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് ലേലത്തിലൂടെ സ്‌പെക്ട്രം അനുവദിക്കണമെന്ന റിലയന്‍സ് ജിയോ മേധാവി അംബാനിയുടേയും എയര്‍ടെല്‍ മേധാവി സുനില്‍ ഭാര്‍തി മിത്തലിന്റേയും നിലപാടിനെ എതിര്‍ത്ത് ഇലോണ്‍ മസ്‌ക് രംഗത്തുവന്നിരുന്നു. ഇന്ത്യയില്‍ ഇതുവരെ സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കിയിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!