സര്‍വീസ് ചാര്‍ജ് വര്‍ധനവില്‍ റിവേഴ്‌സ് ഗിയറിട്ട് എം.വി.ഡി; നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ തീരുമാനം

Share our post

ഡ്രൈവിങ് ലൈസന്‍സ് വിശദാംശങ്ങള്‍ (ലൈസന്‍സ് പര്‍ട്ടിക്കുലേഴ്സ്) നല്‍കുന്നതിനുള്ള സര്‍വീസ് ചാര്‍ജ് 200 രൂപയായി ഉയര്‍ത്തിയത് മോട്ടോര്‍വാഹനവകുപ്പ് പിന്‍വലിക്കും. അപ്രതീക്ഷിത നിരക്ക് വര്‍ധനയ്‌ക്കെതിരേ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ഡ്രൈവിങ് ലൈസന്‍സിന് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചതിനൊപ്പമാണ് ലൈസന്‍സ് വിശദാംശങ്ങള്‍ക്കും നിരക്ക് ഉയര്‍ത്തിയത്.

നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ സോഫ്റ്റ്വേറിന്റെ ചുമതലയുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധിക ഫീസ് അടച്ചവര്‍ക്ക് ആവശ്യപ്പെട്ടാല്‍ തുക തിരികെ നല്‍കും. അതേസമയം ലൈസന്‍സിന് സര്‍വീസ് ചാര്‍ജ് കൂട്ടിയത് പുനഃപരിശോധിക്കാന്‍ ഇടയില്ല. ഡ്രൈവിങ് ലൈസന്‍സ് വിശദാംശങ്ങള്‍ക്കുള്ള നിരക്ക് കുത്തനെ കൂട്ടിയത് ‘മാതൃഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ് സര്‍വീസ് ചാര്‍ജ് 30-ല്‍ നിന്ന് 200 രൂപയായി മോട്ടോര്‍വാഹന വകുപ്പ് ഉയര്‍ത്തിത്. 50 രൂപ ഫീസും, 30 രൂപ സര്‍വീസ് ചാര്‍ജും ഉള്‍പ്പെടെ 80 രൂപ ഈടാക്കിയിരുന്നിടത്ത് അപേക്ഷകര്‍ 250 രൂപ നല്‍കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പിന് സര്‍വീസ് ചാര്‍ജ് 60 രൂപയില്‍നിന്ന് 200 രൂപയായി കൂട്ടിയതിനു പിന്നാലെയായിരുന്നു ഈ നീക്കം.

ലൈസന്‍സ് കാര്‍ഡ് അച്ചടി നിര്‍ത്തിയതിലെ നഷ്ടം നികത്താനാണ് സര്‍വീസ് ചാര്‍ജുകള്‍ കുത്തനെ ഉയര്‍ത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു വ്യക്തിയുടെ ലൈസന്‍സ് സംബന്ധമായ പൂര്‍ണ വിവരങ്ങളുടെ പകര്‍പ്പാണ് ലൈസന്‍സ് വിശദാംശങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഫീസും സര്‍വീസ് ചാര്‍ജും വാങ്ങിയിരുന്നെങ്കിലും ഇതിന്റെ ഡിജിറ്റല്‍ പകര്‍പ്പാണ് നല്‍കിയിരുന്നത്. അച്ചടിക്കുന്നതില്‍പ്പോലും മോട്ടോര്‍വാഹന വകുപ്പിനു ചെലവില്ലായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ സോഫ്റ്റ്‌വേറായ സാരഥിയിലാണ് ലൈസന്‍സ് സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നത്. ലൈസന്‍സ് അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന അടിസ്ഥാന വിവരങ്ങള്‍മുതല്‍ വിവിധ കാലങ്ങളില്‍ നേരിട്ടിട്ടുള്ള അച്ചടക്ക നടപടികള്‍വരെ വിശദാംശങ്ങളില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിഗണിച്ച് സോഫ്‌റ്റ്വേര്‍ നേരിട്ടാണ് പകര്‍പ്പ് നല്‍കുന്നത്. ഉദ്യോഗസ്ഥ ഇടപെടല്‍ ആവശ്യമില്ലാത്ത (ഓട്ടോ അപ്രൂവല്‍) വിഭാഗത്തിലാണ് ലൈസന്‍സ് വിശദാംശങ്ങളുടെ അപേക്ഷകളുള്ളത്. മോട്ടോര്‍ വാഹവകുപ്പിനു യാതൊരു മുതല്‍മുടക്കുമില്ലാത്ത അപേക്ഷയിലാണ് സര്‍വീസ് ചാര്‍ജ് കുത്തനെ കൂട്ടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!