ഡെസ്റ്റിനേഷന്‍ ടൂറിസത്തില്‍ ഇനി സ്വകാര്യ പങ്കാളിത്തവും; പി.പി.പി. മാതൃകയില്‍ പദ്ധതികള്‍

ടൂറിസം സാധ്യതയുള്ളതും അറിയപ്പെടാത്തതുമായ പ്രദേശങ്ങളുടെ വികസനത്തിനായുള്ള ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഇനി സ്വകാര്യപങ്കാളിത്തവും. പദ്ധതിയുടെ ചെലവ് വഹിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് സ്വകാര്യ പങ്കാളിത്തത്തിലേക്ക് നീങ്ങുന്നത്.
60 ശതമാനം തുക ടൂറിസം വകുപ്പും 40 ശതമാനം തദ്ദേശ സ്ഥാപനങ്ങളും എന്ന നിലയിലാണ് പദ്ധതി ആലോചിച്ചത്. എന്നാല്‍ തുക കണ്ടെത്താന്‍ പലപ്പോഴും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിക്കാത്ത സ്ഥിതിയായി. അങ്ങനെ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ തദ്ദേശവകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു. പഞ്ചായത്തും വ്യക്തികളും ടൂറിസം വകുപ്പും സംയുക്തമായി പി.പി.പി. മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്.സ്വകാര്യനിക്ഷേപം ഒഴികെ ബാക്കിയുള്ളവ പഞ്ചായത്തിന്റെ മുതല്‍മുടക്കായി പരിഗണിക്കും. പദ്ധതിയില്‍ നിന്നുള്ള വരുമാനം എടുക്കാനുള്ള അനുപാതം നിശ്ചയിക്കുന്നത് അങ്ങനെയായിരിക്കും. വിനോദസഞ്ചാര വകുപ്പിന്റെ നിക്ഷേപം 40 ശതമാനമായി ചുരുക്കും.
ഇതും പഞ്ചായത്ത് വിഹിതവുംചേര്‍ന്ന് 60 ശതമാനം പഞ്ചായത്തിന് കിട്ടും. എന്നാല്‍ പണിപൂര്‍ത്തിയാക്കിയശേഷമേ ടൂറിസംവകുപ്പ് ഫണ്ട് അനുവദിക്കൂ.
ഫണ്ട് ലഭ്യത കുറവുള്ള പഞ്ചായത്തുകള്‍ക്ക് വ്യക്തികളുമായി ധാരണയിലെത്താനാകും. പഞ്ചായത്തിനുവേണ്ടി വ്യക്തികള്‍ക്ക് മുതല്‍മുടക്കാം. വരുമാനം പഞ്ചായത്ത് വിഹിതമായിട്ടാകും ലഭിക്കുക. ടൂറിസം സാധ്യത നിലനില്‍ക്കുന്നതും ഡെസ്റ്റിനേഷന്‍ചലഞ്ച് പദ്ധതി നടപ്പാക്കാന്‍ ഫണ്ടില്ലാത്തതുമായ പഞ്ചായത്തുകളെ പരിപാടിയില്‍ ഉള്‍പ്പെടുത്തി അര്‍ഹമായ പരിഗണനനല്‍കും.
ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വിഹിതം കൂടിയാലോചനകള്‍ക്കുശേഷം ആദ്യമേ നിശ്ചയിച്ച് നല്‍കും. ടൂറിസം വകുപ്പിന്റെ വിഹിതത്തോടൊപ്പം സഹകരണ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവയുടെ ഫണ്ടും പദ്ധതിക്കുപയോഗിക്കാം.