ആര്‍.സി.ബുക്ക് സ്മാര്‍ട്ട് കാര്‍ഡ് ആകുന്നത് പാളി; ലൈസന്‍സിന് പിന്നാലെ ആര്‍.സിയും ഡിജിറ്റലാകുന്നു

ഡ്രൈവിങ് ലൈസന്‍സിനു പിന്നാലെ വാഹനരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും (ആര്‍.സി.) ഡിജിറ്റല്‍ രൂപത്തിലേക്കുമാറും. ഉടന്‍ സോഫ്റ്റ്വേറില്‍ മാറ്റംവരും. നാലരലക്ഷം ആര്‍.സി. തയ്യാറാക്കാനുണ്ട്. കുടിശ്ശിക തീര്‍ത്തുകഴിഞ്ഞാല്‍ പുതിയ അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ പകര്‍പ്പാകും ലഭിക്കുക. ആവശ്യപ്പെടുന്നവര്‍ക്കുമാത്രമേ ആര്‍.സി. കാര്‍ഡ് നല്‍കൂ. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഇതരസംസ്ഥാന യാത്രകള്‍ക്ക് അസല്‍ കാര്‍ഡ് അവശ്യമാണ്.
ലൈസന്‍സ് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിക്കഴിഞ്ഞു. നവംബറിനുമുന്‍പ് ഫീസടച്ചവര്‍ക്ക് മാത്രമാകും ഇനി കാര്‍ഡ് നല്‍കുക. തിരിച്ചറിയല്‍ രേഖയായി ലൈസന്‍സ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പണമടച്ചാല്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു.
ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി.ബുക്ക് എന്നിവയുടെ പ്രിന്റിങ്ങ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം തന്നെ ഡിജിറ്റല്‍ പ്രഖ്യാപനം ഉണ്ടായിരുന്നു. മോട്ടോര്‍വാഹനവകുപ്പ് സ്വന്തംനിലയ്ക്ക് ഡിജിറ്റല്‍ പകര്‍പ്പ് നല്‍കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ പകര്‍പ്പിന് അസലിന്റെ സാധുത നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനവും ഇറക്കിയിരുന്നു. ഇത് അടിസ്ഥാനമാക്കി സംസ്ഥാനത്തും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
2023 ഒക്ടോബറിലാണ് ആര്‍.സി.ബുക്ക് സ്മാര്‍ട്ട് കാര്‍ഡ് മാതൃകയിലേക്ക് മാറിതുടങ്ങിയത്. ഇടനിലക്കാരുടെ കൈകടത്തലുകള്‍ ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് പെറ്റ് ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറാന്‍ തീരുമാനിക്കുന്നത്. ഓഫീസുകളില്‍ നിന്നും ഓണ്‍ലൈനില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും ആര്‍.സി. അച്ചടിച്ച് വിതരണം ചെയ്യുന്നതെന്നായിരുന്നു മുന്‍പ് പുറത്തുവന്ന വിവരം.
മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ആര്‍.സി. പെറ്റ്ജി കാര്‍ഡ് മാതൃകയിലേക്ക് മാറുന്നതോടെ കുറയുമെന്നതായിരുന്നു മറ്റൊരു നേട്ടമായി കണക്കാക്കിയിരുന്നത്. ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ മറ്റുജോലികളിലേക്ക് വിന്യസിക്കാനാകുമെന്നും വലിയിരുത്തലുകള്‍ ഉണ്ടായിരുന്നു.