അപകടം പതിയിരിക്കുന്ന അതിരപ്പിള്ളിയിലെ മഴവില്‍പ്പാലത്തില്‍ അതിസാഹസികരായി സഞ്ചാരികള്‍

അതിരപ്പിള്ളി: എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന സാഹചര്യത്തിലാണ് ചാര്‍പ്പ വെള്ളച്ചാട്ടത്തിന്റെ മുമ്പിലെ വര്‍ഷങ്ങളായിട്ടും നിര്‍മാണം പൂര്‍ത്തിയാകാത്ത മഴവില്‍പ്പാലത്തില്‍ വിനോദസഞ്ചാരികള്‍ കയറിനില്‍ക്കുന്നത്. വളരെ ഉയരമുള്ള പലത്തിന്റെ വശങ്ങളില്‍ കൈവരികള്‍ നിര്‍മിച്ചിട്ടില്ല. ഈ പാലത്തിന് താഴ്ഭാഗം ചെങ്കുത്തായ പാറക്കെട്ടുകളാണ്. പാലത്തില്‍നിന്ന് താഴെ വീണാല്‍ വന്‍ ദുരന്തമായി മാറും.
പണി തീരാത്ത പാലത്തില്‍ ആളുകള്‍ കയറാതിരിക്കാന്‍ മുളകൊണ്ട് വേലി കെട്ടിയിട്ടുണ്ടെങ്കിലും അത് മറികടന്നാണ് വിനോദസഞ്ചാരികള്‍ പാലത്തില്‍ കയറുന്നത്. പാലത്തില്‍ സഞ്ചാരികള്‍ കയറാതിരിക്കാനും ഈ പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കാനും ഇവിടെ വനസംരക്ഷണസമിതി പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്.
എട്ടുമണിമുതല്‍ അഞ്ചുമണിവരെ മാത്രമേ വനസംരക്ഷണസമിതി പ്രവര്‍ത്തകരുടെ സേവനം ഉണ്ടാകൂ. അതിനുമുന്‍പും ശേഷവും വരുന്ന സഞ്ചാരികളില്‍ ചിലരാണ് അപകടകരമായ രീതിയില്‍ പാലത്തില്‍ കയറുകയും ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ മഴവില്‍പ്പാലത്തിന്റെ നിര്‍മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.