ഫോണ്‍ കോള്‍ തട്ടിപ്പിന് കേരളാ പോലീസിന്റെ എ.ഐ പ്രതിരോധം

Share our post

ഫോണ്‍ കോളുകള്‍ വഴി സൈബര്‍ തട്ടിപ്പ് വ്യാപകം. തട്ടിപ്പിനെ നേരിടാന്‍ എ.ഐയുടെ സഹായം തേടാന്‍ കേരളാ പോലീസ്. നിക്ഷേപം അഭ്യര്‍ഥിക്കുന്ന ആപ്ലിക്കേഷനുകള്‍, ലിങ്കുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഒറിജിനല്‍ ആണോ എന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പുകളാണ് കേരള പോലീസ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സ്പാം കോളുകള്‍ നിയന്ത്രിക്കുമെന്ന് മൊബൈല്‍ കമ്പനികള്‍ പലപ്പോഴായി വാഗ്ദാനം നല്‍കിയെങ്കിലും പൂര്‍ണമായും പ്രശനങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ല.

ഇതേ തുടര്‍ന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും എ.ഐയുടെ സഹായത്തോടെ തട്ടിപ്പുകള്‍ക്കെതിരെ നടപടി കഴിഞ്ഞ മെയ് മാസം മുതല്‍ ആരംഭിച്ചിരുന്നു. സമാന രീതിയില്‍ തട്ടിപ്പു നടത്തുന്ന ഫോണ്‍ കോളുള്‍ തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് കേരളാ പോലീസ് സൈബര്‍ വിഭാഗം നടപടികള്‍ക്ക് തുടക്കമിട്ടിരുന്നത്. കേരളത്തില്‍ മാത്രം സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 22,000-ലധികം മൊബൈല്‍ ഫോണുകളാണ് കരിമ്പട്ടികയില്‍ ഉൾടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന 13,000 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും കേരള പോലീസ് സൈബര്‍ അന്വേഷണ വിഭാഗം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്നത് 635 കോടി രൂപയാണ്.

ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച്‌ ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം തുടങ്ങി വിവിധ പേരുകളില്‍ നടത്തിയ തട്ടിപ്പില്‍ കര്‍ഷകര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ തട്ടിപ്പിനിരയായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ തട്ടിപ്പില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം മൊത്തത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നപ്പോള്‍, അതില്‍ 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്വകാര്യ കമ്പനി ജീവനക്കാരും വീട്ടമ്മമാരും ഐടി പ്രൊഫഷണലുകളുമൊക്കെയാണ് തട്ടിപ്പിനിരയായവരില്‍ മുന്‍പന്തിയിലുള്ളത്. ഒരു ലക്ഷത്തിന് മുകളില്‍ തുക നഷ്ടപ്പെട്ടവരില്‍ സ്വകാര്യ ജീവനക്കാര്‍ 613, വീട്ടമ്മമാര്‍ 338, ബിസിനസുകാര്‍ 319, എന്‍ആര്‍ഐകള്‍ 224, ഐടി പ്രൊഫഷണലുകള്‍ 218, ഡോക്ടര്‍മാര്‍ 115 എന്നിങ്ങനെയാണ് കണക്കുകള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!