റേഷൻ കാർഡ് മസ്റ്ററിങ് 85 ശതമാനം പേരും പൂര്‍ത്തിയാക്കി, മസ്റ്ററിങ് നവംബര്‍ 30വരെ തുടരും

Share our post

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് കേരളത്തിൽ 85ശതമാനവും പൂര്‍ത്തീയാക്കിയെന്നും നവംബര്‍ 30വരെ മസ്റ്ററിങ് തുടരുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനിൽ പറഞ്ഞു.ഏറ്റവും കൂടുതൽ റേഷൻ കാര്‍ഡ് ഉടമകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയെന്നും ജിആര്‍ അനിൽ പറഞ്ഞു. മുഴുവൻ പേരും മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനായാണ് നവംബര്‍ 30വരെ ദീര്‍ഘിപ്പിച്ചത്.

ആദ്യഘട്ടത്തിൽ അപ്ഡേഷൻ ചെയ്യാൻ കഴിയാത്തവർക്കായി ഐറിസ് സ്കാനർ സംവിധാനം ഉപയോഗിക്കും. മേരാ കെവൈസി ആപ്പിന്‍റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. നവംബർ 11 മുതൽ ഈ ആപ്പിലൂടെ മസ്റ്റിങ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇത്തരത്തിൽ നവംബര്‍ 30നുള്ളിൽ 100ശതമാനം ഗുണഭോക്താക്കളുടെയും മസ്റ്ററിങ് പൂര്‍ത്തീയാക്കുമെന്നും മന്ത്രി പറഞ്ഞു.

മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങിനുള്ള സമയ പരിധി നേരത്തെ നവംബര്‍ അഞ്ചുവരെയാണ് നീട്ടിയിരുന്നത്. ഇതാണിപ്പോള്‍ നവംബര്‍ 30വരെ തുടരുമെന്ന് മന്ത്രി അറിയിച്ചത്. മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. ആദ്യഘട്ടത്തിൽ സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. എന്നാൽ, കൂടുതൽ പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാൽ ഒക്ടോബര്‍ 25വരെ മസ്റ്ററിങ് നീട്ടിയിരുന്നു. ഇതിനുശേഷമാണ് പിന്നീട് നവംബര്‍ അഞ്ചുവരെ നീട്ടിയത്.

സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കാനായിരുന്നു കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിങ് പൂർത്തിയാക്കണം. എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!