പേരാവൂർ ബ്ലോക്കിലെ കലാലയങ്ങൾ ഇനി ഹരിത കലാലയങ്ങൾ; സംസ്ഥാനത്ത് ആദ്യം

പേരാവൂർ മലബാർ ബി.എഡ്.കോളേജ് ഹരിതകലാലയ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിക്കുന്നു
പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ഹരിതകലാലയങ്ങളായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ‘ഹരിതകലാലയ’മായി പ്രഖ്യാപിക്കുന്നത്.
പേരാവൂർ മലബാർ ബി.എഡ്.കോളേജ് ഹരിതകലാലയ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു.പ്രിൻസിപ്പൽ ഇന്ദു അധ്യക്ഷയായി. ബ്ലോക്ക് പ്രോഗാം കോ-ഓർഡിനേറ്റർ ടി.എം.തുളസിധരൻ മുഖ്യാഥിതിയായി. പ്രഗതി വിദ്യാനികേതനിൽ സ്ഥിരം സമിതി അധ്യക്ഷ എം.ഷൈലജ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് കെ .പി സനിൽ കുമാർ അധ്യക്ഷനായി.
മുഴക്കുന്ന് പഞ്ചായത്തിലെ ഡീ പോൾ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പേരാവൂർ ഗവ. ഐ.ടി.ഐ കോളേജ് എന്നിവയുടെ ഹരിതകലാലയ പ്രഖ്യാപനം മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. പീറ്റർ ഓരോത്ത്, പി.ടി.എ പ്രസിഡന്റ് മിനി ദിനേശൻ എന്നിവർ അധ്യക്ഷരായി. മാലൂർ പഞ്ചായത്തിലെ സെയ്ന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ഹരിതകലാലയ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമാവതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഷിനു മാത്യു ജോൺ അധ്യക്ഷനായി.
കോളേജുകളിലെ അജൈവ മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറിയും ജൈവ മാലിന്യങ്ങൾ സംസ്‌കരിച്ച് വളമാക്കി മാറ്റി കൃഷിക്കോ പൂന്തോട്ടങ്ങൾക്കോ ഉപയോഗിച്ചും ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് പഞ്ചായത്ത് പരിശോധന ടീം ഉറപ്പാക്കിയുമാണ് കോളേജുകൾക്ക് ഗ്രേഡ് നൽകുക. കൂടാതെ പരിസ്ഥിതി പ്രവർത്തനങ്ങളിലും ഹരിത-ശുചിത്വ പ്രവർത്തനങ്ങളിൽ വ്യത്യസ്ത മാതൃകകൾക്കും മാർക്കുകൾ നൽകും.
പേരാവൂർ മലബാർ ബി.എഡ് കോളേജിൽ വ്യത്യസ്ത പച്ചക്കറി തോട്ടവും കരനെൽ കൃഷിയും വാഴക്കൃഷിയുമുണ്ട്. പേരാവൂർ ഗവ. ഐ.ടി.ഐയിൽ വ്യത്യസ്ത ഫലങ്ങൾ നൽകുന്ന ഫ്രൂട്ട് ഫോറസ്റ്റും ശലഭ ഉദ്യാനവുമുണ്ട്. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ ഡീപോൾ കോളേജിൽ രൂപവത്കരിച്ച ‘ഗ്രീൻ ബ്രിഗേർഡ്’ പൊതുസ്ഥലങ്ങൾ ശുചീകരണ ക്യാമ്പയിനും ജൈവവൈവിദ്ധ്യ രജിസ്റ്റർ ഉൾപ്പെടെ തയ്യാറാക്കിയും രംഗത്തുണ്ട്.
പ്രഖ്യാപന ചടങ്ങുകളിൽ ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, മിഷൻ പ്രതിനിഥികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.