എസ്.എസ്.എൽ.സിപരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍: ഹയർ സെക്കന്ററി പരീക്ഷാ തീയതികളും പ്രഖ്യാപിച്ചു

Share our post

തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. 2025 മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് പരീക്ഷ. രാവിലെ 9.30ന് തുടങ്ങും. ഫെബ്രുവരി 17 മുതല്‍ 21 വരെ മോഡല്‍ പരീക്ഷകൾ നടക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പരീക്ഷയ്ക്കുവേണ്ടിയുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മേയ് മൂന്നാം ആഴ്ചയ്ക്കുമുന്‍പ് ഫലപ്രഖ്യാപനം ഉണ്ടാകും.

സംസ്ഥാനത്താകെ 4,28,953 കുട്ടികളാണ് ഈ അധ്യയന വർഷം പത്താം തരത്തിൽ പ്രവേശനം നേടിയിട്ടുള്ളത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായാൽ മാത്രമേ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണവും പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണവും അറിയാനാവൂ. അറിയാനാകൂ. കഴിഞ്ഞ തവണ കേരളത്തിൽ 2954 ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളിൽ ആണ് എസ്എസ്എൽസി പരീക്ഷ നടന്നത്. ഏതാണ്ട് ഇതേ സംഖ്യ തന്നെയാണ് ഇത്തവണയും വരിക.

ഹയർ സെക്കന്ററി പരീക്ഷ

ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ 2025 മാർച്ച് 6 മുതൽ മാർച്ച് 29 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024 ൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളും ഇതേ തീയതികളിൽ നടക്കും. ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ 2025 മാർച്ച് മൂന്ന് മുതൽ മാർച്ച് 26 വരെയുള്ള തീയതികളിൽ നടക്കും.

വൊക്കേഷണൽ ഹയർ സെക്കന്ററി

വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന്റെ ഒന്നാം വർഷ തിയറി പരീക്ഷ 2025 മാർച്ച് ആറിന് തുടങ്ങി മാർച്ച് 29 ന് അവസാനിക്കും. രണ്ടാം വർഷ തിയറി പരീക്ഷ മാർച്ച് മൂന്നിന് തുടങ്ങി മാർച്ച് 26 ന് അവസാനിക്കും. രണ്ടാം വർഷ എൻഎസ്ക്യുഎഫ് വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2025 ജനുവരി 15 ന് ആരംഭിച്ച് ഫെബ്രുവരി 24 വരെയാണ്. രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2025 ജനുവരി 22 ന് ആരംഭിച്ച് ഫെബ്രുവരി 14 ന് അവസാനിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!