90 ലക്ഷത്തിന്റെ മേരി ക്യൂറി സ്കോളർഷിപ്പ്; അഭിമാനമായി കൽപറ്റയിലെ മാളവിക

കല്പറ്റ: മേരി ക്യൂറി ഗവേഷണ സ്കോളർഷിപ്പ് നേടി നാടിന് അഭിമാനമായി എം.എൻ. മാളവിക. പഠനമികവിൽ 90 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് പിണങ്ങോട് സ്വദേശിയായ മാളവിക നേടിയെടുത്തത്. ഗ്രീസിലെ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ടെക്നോളജിയിൽ സോഫ്റ്റ് മാറ്റർ ഫിസിക്സാണ് ഗവേഷണമേഖല.സ്‌ട്രക്ച്ചർ ആൻഡ് ലേസർ (ഐ.ഇ.എസ്.എൽ.) വിഷയത്തിലാണ് ഗവേഷണം. കൊളോഡിയൽ ജെല്ലുകളുടെ സ്വഭാവം മനസ്സിലാക്കുകയും അവയെ നിയന്ത്രിക്കാനുള്ള മാർഗം കണ്ടെത്തുകയുമാണ് ഗവേഷണലക്ഷ്യം. ഗ്രീസിലെ ക്രീറ്റിലുള്ള ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ടെക്നോളജിയിൽ മാളവിക പ്രവേശനം നേടുകയും ചെയ്തു.
അക്കാദമികമികവിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ലഭിച്ച വ്യക്തിഗത സ്കോറാണ് മാളവികയെ അഭിമാനനേട്ടത്തിലെത്തിച്ചത്. ബിരുദാനന്തര ബിരുദ പഠനകാലത്ത് ഒരു പ്രോജക്ടിന്റെ ഭാഗമായി ഡൽഹിയിലെത്തിയപ്പോഴാണ് മാളവിക മേരി ക്യൂറി സ്കോളർഷിപ്പിനെക്കുറിച്ച് കൂടുതലറിയുന്നതും അത് നേടിയെടുക്കാനുള്ള ശ്രമം തുടങ്ങുന്നതും. പുണെയിലെ സി.എസ്.ഐ.ആർ. നാഷണൽ കെമിക്കൽ ലബോറട്ടറിയിലെ പ്രോജക്ട് അസോസിയേറ്റ് ആയിരിക്കെയാണ് മാളവികയ്ക്ക് മേരി ക്യൂറി സ്കോളർഷിപ്പ് ലഭിക്കുന്നത്.
കണ്ണൂർ സർവകലാശാലയിൽനിന്നാണ് മാളവിക ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയത്. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലായിരുന്നു ബി.എസ്‌സി. ഫിസിക്സ് പഠനം. 10-ാം ക്ലാസുവരെ കല്പറ്റ സെയ്ന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്. പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിലായിരുന്നു പ്ലസ്ടു പഠനം. കെ.എസ്.ഇ.ബി. റിട്ട. സബ് എൻജിനിയർ പിണങ്ങോട് മേക്കാട്ടില്ലത്ത് നാരായണന്റെയും കല്പറ്റ ശ്രീശങ്കര വിദ്യാമന്ദിരം സ്കൂളിലെ പ്രധാനാധ്യാപിക എൻ.ബി. സുനിതയുടെയും മകളാണ്. സഹോദരി എം.എൻ. കൃഷ്ണ മംഗലാപുരത്ത് എം.എസ് സി. സൈക്കോളജി വിദ്യാർഥിനിയാണ്.