ബി.ജെ.പി നേതാവ് ദേവേന്ദര്‍ സിങ് റാണ അന്തരിച്ചു

ജമ്മു: മുതിര്‍ന്ന ബിജെപി നേതാവും ജമ്മു കശ്മീര്‍ എം.എല്‍.എയുമായ ദേവേന്ദര്‍ സിങ് റാണ(59) അന്തരിച്ചു. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങിന്റെ സഹോദരനാണ്. ഹരിയാണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ മുന്‍ സഹായിയായ ദേവേന്ദര്‍ സിങ് റാണ, 2021-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. മുമ്പ് നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എ ആയിരുന്നു. വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ദേവേന്ദര്‍ സിങ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഗ്രോട്ടയില്‍ നിന്നാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഉത്തരേന്ത്യയിലെ മാരുതി സുസുക്കിയുടെ ഏറ്റവും വലിയ ഡീലര്‍മാരായ ജംകാശ് വെഹിക്ലീഡ്‌സിന്റെ സ്ഥാപകനാണ് അദ്ദേഹം.ഭാര്യ: ഗഞ്ജന്‍ റാണ, മക്കള്‍: ദേവ്യാനി, കേത്കി, ആധിരാജ് സിങ്