സംസ്ഥാന റോഡ്‌ സൈക്ലിങ്‌ ചാമ്പ്യൻഷിപ്പ് ശനിയും ഞായറും

Share our post

കാസർകോട്‌ : 29-ാമത് സംസ്ഥാന റോഡ് സൈക്ലിങ്‌ ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിൽ കാസർകോട് ബോവിക്കാനം–ഇരിയണ്ണി റോഡിൽ നടക്കും. ശനി പകൽ 11ന്‌ സി എച്ച്‌ കുഞ്ഞമ്പു എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുമായി മൂന്നൂറോളം താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ജില്ലാ ചാംപ്യൻഷിപ്പുകളിൽ വിജയികളിയാവരെയാണു സംസ്ഥാന മത്സരത്തിലേക്കു തിരഞ്ഞെടുക്കുന്നത്. അനന്തു നാരായണൻ, അനക്‌സിയ മറിയ തോമസ് തുടങ്ങിയ ദേശീയ താരങ്ങളും, നാഷണൽ ഗെയിംസ് ഉൾപ്പെടെ നിരവധി ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ ഒട്ടനവധി താരങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

ഒൻപത് വിഭാഗങ്ങളിലായിട്ടാണ് മത്സരം. എലൈറ്റ്‌ മെൻ 40 കിലോ മീറ്റർ, എലൈറ്റ്‌ വുമൺ 32 കിലോമീറ്റർ, 23 വയസിന്‌ താഴെയുള്ള ആൺ 40 കിലോമീറ്റർ, 18 വയസിന്‌ താഴെയുള്ള ആൺ 32 കിലോമീറ്റർ, പെൺ 24 കിലോമീറ്റർ, 16 വയസിന്‌ താഴെയുള്ള ആൺ 16 കിലോമീറ്റർ, പെൺ എട്ട്‌ കിലോമീറ്റർ, 14 വയസിന്‌ താഴെയുള്ള ആൺ എട്ട്‌ കിലോമീറ്റർ, പെൺ എട്ട്‌ കിലോമീറ്റർ എന്നിങ്ങനെയാണ്‌ മത്സരം. ഡിസംബറിൽ ഒറീസയിൽ നടക്കുന്ന ദേശീയ റോഡ്‌ സൈക്ലിങ്‌ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീമിനെ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും.

ബോവിക്കാനം ടൗണിൽ നിന്ന് അര കിലോമീറ്റർ മാറി ബാവിക്കരയടുക്കം മുതൽ ഇരിയണ്ണി വരെയുള്ള 4നാല് കിലോമീറ്റർ റോഡാണ് മത്സര ട്രാക്ക്. ഇരുവശത്തും പച്ച വിരിച്ച മരക്കൂട്ടങ്ങൾക്ക് നടുവിലൂടെ പോകുന്ന റോഡ് കാഴ്ചയിൽ അതിമനോഹരമാണ്. 2021ൽ നവീകരിച്ചതിനു ശേഷം റൈഡർമാരുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട വഴികളിലൊന്നായി ഇവിടം മാറിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പ് നടക്കുന്ന നാലു കിലോമീറ്റർ ഭാഗം നിരപ്പായതും വളവുകൾ കുറഞ്ഞതുമാണ്. റോഡിന് ഏഴ് മീറ്റർ വീതിയും ഉണ്ട്. പരിശീലനം നടത്തുന്നതിനായി നിരവധി സൈക്ലിസ്റ്റുകൾ ഇതിനകം തന്നെ ഇവിടെ എത്തിയിട്ടുണ്ട്. മത്സര ട്രാക്കിനെക്കുറിച്ച് നല്ല മതിപ്പാണ് താരങ്ങൾക്കുള്ളത്. കാസർകോട്‌ ജില്ലയുടെ ഭാവി സൈക്കിൾ താരങ്ങൾക്ക് പരിശീലനം നടത്തുന്നതിനുവേണ്ടി ഈ ട്രാക്ക് സൗകര്യമായിരിക്കും. ഇത് മൂന്നാം തവണയാണ് സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിന് കാസർകോട് ആദിത്യമരുളുന്നത്. 2012 ൽ ബേക്കലിലും 2015 ൽ തൃക്കരിപ്പൂരും മത്സരത്തിനു വേദിയായിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!