ശമ്പളം കിട്ടിയില്ല; 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി

Share our post

ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാരോപിച്ച് 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ സർവീസ് നിർത്തിവെച്ചുകൊണ്ടാണ് പ്രതിഷേധം. 108 ആംബുലൻസ് സേവനം നിലച്ചതോടെ അപകടങ്ങളിൽ പെടുന്നവരെ ഉൾപ്പെടെ ആശുപത്രികളിലേക്ക് മാറ്റാൻ സ്വകാര്യ ആംബുലൻസുകൾ തേടേണ്ട അവസ്ഥയാണ് പൊതുജനത്തിന്. അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ സംസ്ഥാനത്ത് പലയിടങ്ങളിലും സർവീസ് പൂർണ്ണമായും നിർത്തിവെച്ച് സമരം ആരംഭിച്ചപ്പോൾ ചിലസ്ഥലങ്ങളിൽ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ട്രിപ്പുകൾ എടുക്കാതെയാണ് ഒരുവിഭാഗം ജീവനക്കാർ സമരം ചെയ്യുന്നത്.

ശമ്പള വിതരണത്തിലെ കാലതാമസം സംബന്ധിച്ച് സിഐടിയു പ്രതിനിധികളും സ്വകാര്യ കമ്പനി അധികൃതരും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. നവംബർ ഒന്നാം തീയതി സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നൽകാമെന്നും ബാക്കി ശമ്പള വിതരണം പിന്നീട് അറിയിക്കാമെന്നും കരാർ കമ്പനി പറഞ്ഞതായാണ് ആക്ഷേപം. ഒക്ടോബർ മാസം തീരുന്നതോടെ രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയാവുമെന്ന് 108 ആംബുലൻസ് ജീവനക്കാർ പറയുന്നു. ഇന്നലെ മുതൽ ചില ജില്ലകളിൽ ബിഎംഎസ് യൂണിയൻറെ നേതൃത്വത്തിൽ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ഐ.എഫ്.ടി കേസുകൾ എടുക്കാതെ പ്രതിഷേധ സമരം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ എട്ട് മണി മുതൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ ശമ്പള വിതരണത്തിൽ തീരുമാനമാകുന്നതുവരെ എല്ലാ ട്രിപ്പുകളും ഒഴിവാക്കിക്കൊണ്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!