ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ബുധനാഴ്ച ജാമ്യാപേക്ഷ നൽകും

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയെ റിമാന്‍ഡില്‍വിട്ടു. 14 ദിവസത്തേക്കാണ് ദിവ്യയെ റിമാന്‍ഡ് ചെയ്തത്. ബുധനാഴ്ച തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. റിമാന്‍ഡ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ. വിശ്വന്‍ പറഞ്ഞു. കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുക.ജയിലിലേക്ക് അയക്കുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്തും. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യയെ അറസ്റ്റ് ചെയ്തത്. പോലീസില്‍ കീഴടങ്ങിയതെന്നാണ് ദിവ്യയുടെ അഭിഭാഷകന്റെ ഭാഷ്യം. എന്നാല്‍, ദിവ്യ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നുമാണ് പോലീസ് അറിയിച്ചത്. കണ്ണപുരത്തുവെച്ചാണ് ദിവ്യയെ പോലീസ് കസ്റ്റിഡിയില്‍ എടുത്തത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂന്നുമണിക്കൂറോളം നീണ്ട പ്രാഥമിക ചോദ്യംചെയ്യലിനുശേഷം മൊഴി രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസിന്റേയും യൂത്ത് ലീഗിന്റേയും പ്രതിഷേധങ്ങള്‍ക്കിടെയാണ് ദിവ്യയെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.