പി.പി.ദിവ്യക്ക് തിരിച്ചടി, മുൻകൂർ ജാമ്യമില്ല; ആഗ്രഹിച്ച വിധിയെന്ന് നവീന്റെ കുടുംബം

Share our post

കണ്ണൂർ : അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു.ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നൽകാം. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ ഉടൻ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. കോടതി നിർദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാൽ, അറസ്റ്റിനു മുൻപ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയുമാകാം.

കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്.യാത്രയയപ്പ് യോഗത്തിൽ പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു. സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ പരസ്യവിചാരണ. പി.പി.ദിവ്യ രാജിവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നവംബർ 14ന് തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിര‍ഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!