തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഹരിതയുടെ പിതാവിനും അമ്മാവനും ജീവപര്യന്തം

Share our post

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾക്കും കോടതി ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 2020 ഡിസംബർ 25ന് വൈകീട്ടാണ് സംഭവം. ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ച തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ (27) വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജാതി പ്രശ്‌നം ഉയര്‍ത്തിയായിരുന്നു കൊലപാതകം.

വിവാഹത്തെത്തുടർന്ന് അനീഷും ഹരിതയുടെ വീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ബൈക്കിൽ സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ അനീഷിനെ മാന്നാംകുളമ്പിൽവെച്ച് തടഞ്ഞുനിർത്തി സുരേഷും പ്രഭുകുമാറും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഹരിതയെ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനാണ് അനീഷ്. ഹരിതയുടെ (19) അച്ഛൻ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), ഭാര്യാ സഹോദരൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (45) എന്നിവരെ പോലീസ് അറസ്റ്റ്‌ ചെയ്യുകയും ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാ‍ഞ്ച് ഏറ്റെടുത്തു. 75 ദിവസം കൊണ്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ളത്. കൊലക്കുറ്റത്തിനുപുറമേ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. ഡിവൈ.എസ്.പി. സി. സുന്ദരനാണ് അന്വേഷണോദ്യോഗസ്ഥൻ. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. അനിൽ ഹാജരായി. 110 സാക്ഷികളാണുണ്ടായിരുന്നത്. പ്രതികൾ എത്തിയ രണ്ട് ബൈക്കുകൾ, കത്തി എന്നിവയടക്കമുള്ള തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!