ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ഒരു കോടിയിലധികം രൂപ തട്ടി

Share our post

തൃശ്ശൂർ: ഷെയർട്രേഡിങ് വഴി പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടി നേട്ടമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വിയ്യൂർ സ്വദേശിയിൽനിന്ന് പലതവണയായി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളെ തൃശ്ശൂർ സിറ്റി പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണംസംഘം അറസ്റ്റുചെയ്തു. മലപ്പുറം ഒളകര കാവുങ്ങൽവീട്ടിൽ കെ. മുഹമ്മദ് ഫൈസൽ (26), വേങ്ങര ചേറൂർ കരുമ്പൻവീട്ടിൽ ഖാദർ ഷെരീഫ് (37) എന്നിവരാണ് പിടിയിലായത്. ഒരു വിദ്യാർഥിനിയുടെ അക്കൗണ്ടാണ് ഇവർ തട്ടിപ്പിനുപയോഗിച്ചത്.കഴിഞ്ഞ ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം. സി.ഐ.എൻ.വി. എന്ന കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്നു പറഞ്ഞ് വിയ്യൂർ സ്വദേശിയെ ഫോണിൽ വിളിച്ച് ഷെയർട്രേഡിങ്ങിനെക്കുറിച്ച് സംസാരിക്കുകയും ഓൺലൈൻ വഴി ക്ളാസെടുത്ത് വിശ്വാസ്യത നേടുകയും ചെയ്തു. അഞ്ചിരട്ടി നേട്ടമുണ്ടാക്കാമെന്ന് ഉറപ്പുനൽകി വിവിധ ഘട്ടങ്ങളിലായി 1,24,80,000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.

തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ വിയ്യൂർ സ്വദേശി സിറ്റി സൈബർക്രൈം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പരിചയത്തിലുള്ള വിദ്യാർഥിനിയുടെ അക്കൗണ്ടിലേക്കാണ് പണമയച്ചതെന്ന് കണ്ടെത്തി. വിദ്യാർഥികളുടെ അക്കൗണ്ട് സൈബർത്തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നത് നേരത്തേയും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെ ബോധവത്കരണവും നടത്തിയിരുന്നു.സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജയപ്രദീപ്, കെ.എസ്. സന്തോഷ്, സുധീപ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജെസി ചെറിയാൻ, സിവിൽ പോലീസ് ഓഫീസർ സച്ചിൻദേവ് എന്നിവരും ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!