ഉത്സവകാലത്ത് ഡിജിറ്റൽ ഇടപാട് തട്ടിപ്പിൽ നിന്ന് എങ്ങനെ സുരക്ഷ നേടാം

കൊച്ചി: ഉത്സവകാല ഷോപ്പിങ്ങുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശവുമായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.). രംഗത്തെത്തി. തട്ടിപ്പിനിരയാകാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:
ഉത്സവകാല ഓഫറുകളും കിഴിവുകളും ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും. പരിചയമില്ലാത്ത വെബ്‌സൈറ്റുകളിൽനിന്നും കച്ചവടക്കാരിൽനിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതിനുമുൻപ് മതിയായ അന്വേഷണം നടത്തണം.
ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ കൂടുതൽ വ്യക്തിഗത വിവരങ്ങൾ കൈമാറരുത്. ഇത് ഡേറ്റ മോഷണത്തിനുള്ള സാധ്യത വർധിപ്പിക്കും.
സാമ്പത്തിക വിവരങ്ങൾ ഹാക്കർമാർക്ക് അനായാസം ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഷോപ്പിങ് മാളുകളിലും മറ്റുമുള്ള സുരക്ഷിതമല്ലാത്ത ഓപ്പൺ വൈ-ഫൈ നെറ്റ് വർക്കുകൾ ഉപയോഗിക്കാതിരിക്കുക.
ഉത്സവകാലത്ത് വലിയ രീതിയിൽ ഷോപ്പിങ് ചെയ്യുമ്പോൾ ഫിഷിങ് തട്ടിപ്പുകൾക്കുള്ള (ശരിക്കുള്ള വെബ്സൈറ്റ് വിലാസത്തിനു സമാനമായ വിലാസം നൽകുന്ന തട്ടിപ്പ്) സാധ്യത കൂടുതലാണ്. പേമെന്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനു മുൻപ് നിർബന്ധമായും രണ്ട് തവണ പരിശോധിക്കണം.
ഹാക്കർമാരിൽനിന്ന് രക്ഷ നേടുന്നതിനായി ഓരോ അക്കൗണ്ടിനും ശക്തമായതും വ്യത്യസ്തവുമായ പാസ് വേഡുകൾ ഉപയോഗിക്കണം.