വീണ്ടും തെളിയുന്നു ആറന്മുള നിലവിളക്ക്

ആറന്മുള: പാർത്ഥസാരഥിയുടെ മണ്ണിൽ വിസ്മയങ്ങൾ ഏറെ. ആറന്മുള കണ്ണാടിയും പള്ളിയോടവും വള്ളസദ്യയുമൊക്കെ അതിൽ ചിലതുമാത്രം. വിസ്മൃതിയിലാണ്ടുപോയതും ഏറെയുണ്ട്.അക്കൂട്ടത്തിലുള്ളതാണ് ആറന്മുള നിലവിളക്ക്. പാരമ്പര്യത്തിന്റെ കരുത്തിലും കണക്കുകൂട്ടലിലും ഇരുപത് വർഷങ്ങൾക്കുശേഷം വീണ്ടും ഇൗ നിലവിളക്ക് തെളിയാനൊരുങ്ങുകയാണ്. ആറന്മുള കണ്ണാടി നിർമിക്കുന്ന കൊല്ലേത്ത് വീട്ടിലെ മൂന്ന് തലമുറ മുമ്പുള്ള കൃഷ്ണനാചാരിയുടെ പാരമ്പര്യം പിന്തുടർന്ന്, ഐക്കര ജങ്ഷനിലുള്ള പാർത്ഥസാരഥി ഹാൻഡി ക്രാഫ്റ്റ് സെന്ററിലാണ് നിലവിളക്ക് നിർമാണം ആരംഭിച്ചത്. സഹോദരങ്ങളായ ഗോപാലകൃഷ്ണൻ ആചാരിയുടെയും സെൽവരാജ് ആചാരിയുടെയും നേതൃത്വത്തിലാണ് നിർമാണം.
ആറന്മുള കണ്ണാടിപോലെ ആറന്മുള നിലവിളക്കിനും പ്രത്യേകതകളേറെ. മറ്റ് നിലവിളക്കുകളെ അപേക്ഷിച്ച് പാദവിസ്താരം കൂടിയതും മേൽത്തട്ട് ഭാരം കൂടിയതുമാണിത്. എണ്ണ കവിഞ്ഞാൽ താഴേത്തട്ടിൽ ശേഖരിക്കത്തക്ക രീതിയിലുള്ളതുമാണ് വിളക്ക്. ദീർഘസമയം എണ്ണ വറ്റാതിരിക്കും. തിരി കത്തിച്ചുവെക്കുമ്പോൾ എണ്ണ കാലാതെയും വിളക്ക് പെട്ടെന്ന് ചൂടാകാതെയുമിരിക്കാൻ മേൽത്തട്ടിനകത്ത് ഒരുപ്രത്യേക ചുറ്റുണ്ട്. ഇതിനാൽ മുല്ലമൊട്ട് വലുപ്പത്തിൽ നല്ല തെളിച്ചമുള്ള ദീപമാകും തെളിയുന്നത്.
ആറന്മുള പാർഥസാരഥി ക്ഷേത്ര നിർമാണത്തിനുവന്ന ശില്പികളാണ് അക്കാലത്ത് നിലവിളക്കും നിർമിച്ചത്. സെൽവരാജ് ആചാരിയുടെ അച്ഛൻ അർജുനൻ ആചാരിയും നിലവിളക്ക് ഉണ്ടാക്കിയിരുന്നു. 2002-ൽ ഇദ്ദേഹത്തിന്റെ മരണത്തോടെ നിലവിളക്ക് നിർമാണം നിലച്ചു.വിളക്കിനെക്കാൾ ആറന്മുള കണ്ണാടിയ്ക്ക് പ്രാധാന്യം ഏറിവന്നതോടെ മക്കൾ പൂർണമായും അതിലേക്ക് തിരിഞ്ഞു. എന്നാൽ ആറന്മുള നിലവിളക്കിനെപ്പറ്റി കേട്ടറിഞ്ഞ ആളുകൾ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇപ്പോൾ നിർമാണത്തിലേക്ക് തിരിച്ചുവന്നതെന്ന് സെൽവരാജ് പറയുന്നു.പഴയ വിളക്കിന്റെ കൂട്ടിലും രൂപത്തിലും ഘടനയിലും വ്യത്യാസം വരുത്താതെയാണ് പുതിയവ നിർമിക്കുന്നത്.