പത്തനംതിട്ട: സർക്കാരിന്റെ ശ്രമം ഭരണതലത്തിൽ മലയാള വ്യാപനം. എന്നാൽ മലയാളത്തെ പടിക്കുപുറത്ത് നിർത്താൻ സംസ്ഥാന വിജിലൻസിൽ കല്പന. വിജിലൻസിൽ മേലേ തലത്തിലേക്ക് ഇനി ആരും മലയാളത്തിൽ റിപ്പോർട്ട് തയ്യാറാക്കി അയക്കരുതെന്നാണ് ഡിവൈ.എസ്.പി. മാർക്ക് കുറിപ്പായി നൽകിയിരിക്കുന്ന നിർദേശം.രണ്ടാഴ്ച മുൻപുവരെ മലയാളത്തിൽ തയ്യാറാക്കിയിരുന്നതിനാണ് വിജിലൻസ് ഡയറക്ടറുടെ പേരിലുള്ള നിർദേശത്തിലൂടെ പൂട്ടുവീണത്. ഭരണഭാഷ മാതൃഭാഷ എന്ന പേരിലുള്ള ഒരാഴ്ചത്തെ ആചരണത്തിന് സർക്കാർ ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് മലയാളത്തോടുള്ള ഈ വിവേചനം. ഇംഗ്ലീഷിലേക്ക് മാറ്റുന്നതിന് എന്താണ് കാരണം എന്നതിന് വിശദീകരണം നൽകാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറായില്ല. ജില്ലാതലങ്ങളിലെ ഉദ്യോഗസ്ഥർക്കും ഇംഗ്ലീഷ് പ്രേമത്തിന്റെ കാരണമെന്തെന്ന് പിടി കിട്ടിയിട്ടില്ല.
പ്രധാനം വസ്തുതാ റിപ്പോർട്ട്
വിജിലൻസ് കേസുകളിൽ പ്രധാനമായത് വസ്തുതാ റിപ്പോർട്ടാണ് (ഫാക്ച്വൽ റിപ്പോർട്ട്). ഒരു കേസിന്റെ സമസ്ത വിവരവും ഉൾക്കൊള്ളിച്ച് തയ്യാറാക്കുന്ന ഇത് 300 പേജ് വരെ ഉണ്ടാവാറുണ്ട്. വസ്തുതാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച് അനുമതി വാങ്ങിയ ശേഷമായിരിക്കണം തുടർനടപടികളിലേക്ക് കടക്കാൻ. എ.എസ്.ഐ. മുതൽ താഴേക്കുള്ള ഉദ്യോസ്ഥരാണ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. എല്ലാവരും ഇംഗ്ലീഷിൽ നൈപുണ്യമുള്ളവരല്ലാത്തതിനാൽ റിപ്പോർട്ടുകൾ തയ്യാറാവുന്നതിന് രണ്ടാഴ്ചയായി കാലതാമസം ഉണ്ടാവുന്നുമുണ്ട്.
തയ്യാറാക്കിയ റിപ്പോർട്ടിൽ ഭാഷാപിശകുകൾ വന്നതിന് പരിഹാസം ഉണ്ടായ സംഭവവും അടുത്തിടെ ഒരുജില്ലയിൽ ഉണ്ടായി. ഇംഗ്ലീഷ് അറിയാത്തവർ വിജിലൻസിൽ വേണ്ട എന്ന തരത്തിലുള്ള പരാമർശം മറ്റൊരിടത്ത് ഉണ്ടായി. വിജിലൻസ് ഉദ്യോഗസ്ഥരെല്ലാം മലയാള നിഷേധത്തിൽ വലിയ പ്രതിഷേധത്തിലാണ്. ഡയറക്ടർ ഓഫീസിൽനിന്ന് താഴേ തലത്തിലേക്കുള്ള ആശയവിനിമയം പൂർണമായും ഇംഗ്ലീഷിലാണ്. വസ്തുതാ റിപ്പോർട്ട് കൂടാതെ പ്രഥമവിവര റിപ്പോർട്ട്, ദ്രുതപരിശോധന റിപ്പോർട്ട്, രഹസ്യാന്വേഷണ റിപ്പോർട്ട്, മിന്നൽ പരിശോധന റിപ്പോർട്ട്, രഹസ്യാന്വേഷണ റിപ്പോർട്ട്, മിന്നൽ പരിശോധന റിപ്പോർട്ട്, പരാതിപ്രകാരമുള്ള റിപ്പോർട്ട് എന്നിവയും മലയാളത്തിൽ നൽകരുതെന്നാണ് നിർദേശം.
എന്തിനീ ഇരട്ടത്താപ്പ്- ആർ. നന്ദകുമാർ (കൺവീനർ, ഐക്യമലയാള പ്രസ്ഥാനം)
കേരളത്തിൽ മാത്രമാണ് മാതൃഭാഷയോട് ഇരട്ടത്താപ്പ് നയം. സർക്കാർ കൊട്ടിഘോഷിക്കുന്ന മാതൃഭാഷാപ്രേമം ആത്മാർഥതയില്ലാത്തതാണ്. മാതൃഭാഷ ഭരണഭാഷ എന്ന പ്രഖ്യാപനത്തിന് കടകവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഓരോവകുപ്പിലും നടക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വിജിലൻസ് ആസ്ഥാനത്തു നിന്നിറങ്ങിയ ഈ ഔദ്യോഗിക നീട്ട്.