കണ്ണൂർ-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം തുടരും

കണ്ണൂർ: രണ്ടാം ദിവസവും ജനത്തെ വലച്ച് കണ്ണൂർ- തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം. പണിമുടക്ക് വ്യാഴാഴ്ചയും തുടരും.നടാൽ വിജ്ഞാനദായിനി വായനശാലയിൽ ബുധനാഴ്ച ചേർന്ന സംയുക്ത കർമസമിതി യോഗത്തിലാണ് സമരം തുടരാനുള്ള തീരുമാനം.വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കളക്ടറേറ്റിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യും. ഇതിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.ദേശീയപാത 66-ന്റെ പണി പൂർത്തിയാകുന്നതോടെ നടാൽ റെയിൽവേ ഗേറ്റ് കടന്നുവരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് സുഗമമായ പാത അധികൃതർ ഒരുക്കാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സ്വകാര്യ ബസ് ജീവനക്കാർ സമരം തുടങ്ങിയത്.കണ്ണൂർ-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസുകൾക്ക് പുറമേ ഈ റൂട്ടിലോടുന്ന ദീർഘദൂര ബസുകളും സർവീസ് നിർത്തി.