വെസ്റ്റ്‌ നൈൽ പനി: ജില്ല ജാഗ്രതയിൽ

Share our post

കണ്ണൂർ:വിദ്യാർഥിനിക്ക്‌ വെസ്‌റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചതോടെ ജില്ല ജാഗ്രതയിൽ. ചെങ്ങളായി സ്വദേശിനിയായ പതിനെട്ടുകാരിക്ക്‌ കഴിഞ്ഞ ദിവസമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. പക്ഷികളിൽനിന്ന്‌ കൊതുകിലേക്കും കൊതുകിൽനിന്ന്‌ മനുഷ്യരിലേക്കുമാണ്‌ രോഗം പകരുന്നത്‌. മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ പകരില്ല. ആശങ്കപ്പെടാൻ സാഹചര്യമില്ലെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ പീയുഷ് എം നമ്പൂതിരിപ്പാട്‌ അറിയിച്ചു.
രാത്രിയിൽ കടിക്കുന്ന ക്യൂലക്സ് പെൺകൊതുകുകളാണ്‌ രോഗം പരത്തുന്നത്‌. വീടിനോട് ചേർന്ന ഓടകൾ, മലിനജലം കെട്ടിക്കിടക്കുന്ന കുഴികൾ എന്നിവിടങ്ങളിലാണ്‌ കൊതുകുകൾ മുട്ടയിട്ട്‌ പെരുകുന്നത്. പൊതുവെ പക്ഷികളെയാണ് ഈ കൊതുകുകൾ കടിക്കുന്നത്. പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോൾ വൈറസ് മനുഷ്യരിലേക്ക് പടരുന്നു. കാക്ക, താറാവ്, തുടങ്ങിയവയിലാണ്‌ രോഗബാധയുണ്ടാകാറ്‌. മനുഷ്യരിൽ ഒരു ശതമാനം പേരിൽ രോഗം തലച്ചോറിനെ ബാധിക്കാനിടയുണ്ട്‌. നാഡികളെ ഗുരുതരമായി ബാധിച്ചാൽ മരണംവരെ സംഭവിച്ചേക്കാം. ഈ വർഷം നാറാത്തും കാടാച്ചിറയിലും വെസ്‌റ്റ്‌ നൈൽ ലക്ഷണങ്ങളുള്ള കേസുകൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നെങ്കിലും രോഗം ഭേദമായി.
പക്ഷികൾ ചത്തുവീഴുന്നുണ്ടോയെന്ന്‌ 
പരിശോധന

ചെങ്ങളായി പ്രദേശത്ത് അസ്വാഭാവികമായി പക്ഷികൾ ചത്ത് വീഴുന്നുണ്ടോയെന്ന്‌ പരിശോധിക്കാൻ ജില്ലാ ആരോഗ്യ വിഭാഗം അധികൃതരെത്തി. വളർത്തു പക്ഷികളെ വിൽക്കുന്ന പെറ്റ് ഷോപ്പിൽ ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ സി സച്ചിൻ നേതൃത്വത്തിലുള്ള സംഘമാണ്‌ വിവരം ശേഖരിച്ചത്‌. പ്രദേശത്ത് ഫീവർ സർവേ, എന്റോമോളോജിക്കൽ സർവേ എന്നിവ നടത്തി.

അസ്വാഭാവികമായി ചത്ത് വീഴുന്ന സാഹചര്യമുണ്ടെങ്കിൽ തദ്ദേശവകുപ്പ്‌ അധികൃതരയോ ആരോഗ്യവകുപ്പിനെയൊ അറിയിക്കാൻ നിർദേശം നൽകി. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തി.
റാപ്പിഡ്‌ റെസ്പോൺസ്‌ ടീം യോഗത്തിൽ പ്രസിഡന്റ്‌ മോഹനൻ അധ്യക്ഷനായി. കൊതുക് നിവാരണ പ്രവർത്തനങ്ങളും ബോധവൽക്കരണ നടപടികളും തീവ്രമാക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, എപ്പിഡമോളജിസ്റ്റ്‌ അഭിഷേക്, ബയോളജിസ്റ്റ് രമേശൻ, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ടി സുധീഷ് എന്നിവർ സംഘത്തിലുണ്ടായി.
കൊതുക്
കടിയേൽക്കരുത്‌
രോഗം ബാധിച്ചവരുടെ 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തുള്ളവർ ജാഗ്രത പുലർത്തണം. കൊതുക് കടിക്കാതിരിക്കാനുള്ള ലേപനങ്ങൾ, ശരീരം മൂടും വിധമുള്ള വസ്ത്രങ്ങൾ, കൊതുകുവല, കൊതുകുതിരി, കൊതുകു നശീകരണ യന്ത്രങ്ങൾ എന്നിവ ഉപയോഗിക്കാം. കൊതുകിന്റെ ഉറവിടങ്ങളായ മലിനജലസ്രോതസ്സുകൾ നശിപ്പിക്കുകയാണ്‌ ഏറ്റവും പ്രധാനം. രോഗ ലക്ഷണങ്ങൾ കണ്ടാൽ ശരിയായ ചികിത്സ തേടണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!