ദുബായിലെ റേസിങ് ട്രാക്കിൽ കുതിക്കാൻ കോഴിക്കോട്ടുകാരൻ റോണക്

കോഴിക്കോട്: ദുബായിൽ നടക്കുന്ന എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പിൽ കാർട് റേസിങ്ങിൽ പങ്കെടുക്കുന്നതിന്റെ ത്രില്ലിലാണ് കോഴിക്കോട്ടുകാരൻ റോണക് സൂരജ്. കാറിനോടും വാഹനങ്ങളോടുമുള്ള കമ്പമാണ് റോണക്കിന്റെ കുതിപ്പിനുപിന്നിലെ കരുത്ത്. 26-ന് നടക്കുന്ന മത്സരത്തിലാണ് ഈ പത്താംക്ലാസുകാരൻ മത്സരിക്കുക. ഈ രംഗത്തുള്ള ‘റെഡ് റാബിറ്റ് റേസേഴ്‌സ്’ ടീമിനൊപ്പമാണ് പങ്കെടുക്കുക.പെരുന്തുരുത്തി ഭവൻസിലാണ് റോണക് സൂരജ് (16) പഠിക്കുന്നത്. എൻ.ജി.ഒ. ക്വാർട്ടേഴ്‌സിനുസമീപം താമസിക്കുന്ന ലതയുടെയും സൂരജിന്റെയും മകനാണ്. ഒരു വർഷമേ ആയിട്ടുള്ളൂ ഈ രംഗത്തെത്തിയിട്ട്.കോഴിക്കോടുവെച്ച് ‘റെഡ് റാബിറ്റ് റേസേഴ്‌സ്’ നടത്തിയ മത്സരത്തിലൂടെയാണ് തുടക്കം. പിന്നീട് തൃശ്ശൂരിൽ നടത്തിയ മത്സരത്തിൽ ലെവൽ വൺ പരിശീലനത്തിനുള്ള സ്കോളർഷിപ്പ് നേടി. ഏറ്റവും പ്രായംകുറഞ്ഞ ഡ്രൈവറായിരുന്നു അന്ന് റോണക്. റാലി, ഓഫ് റോഡ് ഡ്രൈവറായ സാവൻ സത്യനാരായണന്റെ കീഴിൽ ബെംഗളൂരുവിലായിരുന്നു പിന്നീട് പരിശീലനം.