ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ദക്ഷിണ റെയില്‍വേ

Share our post

ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടനകാലത്ത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യമൊരുക്കുമെന്നും ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് 300 സ്‌പെഷ്യല്‍ തീവണ്ടികളോടിക്കുമെന്നും ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് തപ്ലയാല്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി ചെങ്ങന്നൂരില്‍ നടന്ന റെയില്‍വേയുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തീര്‍ഥാടനം സുഗമമാക്കാനായി കോട്ടയം വഴിയും മധുര, പുനലൂര്‍ വഴിയും കൂടുതല്‍ സ്‌പെഷ്യല്‍ തീവണ്ടികള്‍ അനുവദിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. കേന്ദ്ര റെയില്‍വേ മന്ത്രിയോടും മറ്റും അഭ്യര്‍ഥിച്ചിരുന്നു. പ്രത്യേക തീവണ്ടികള്‍ കൊല്ലം വരെയോ തിരുവനന്തപുരം വരെയോ നീട്ടണമെന്നും എം.പി. ആവശ്യപ്പെട്ടു. എന്നാലിതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഡി.ആര്‍.എം. ഉറപ്പുനല്‍കി. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ തീവണ്ടിക്ക് ചെങ്ങന്നൂരില്‍ സ്റ്റോപ്പും അനുവദിക്കമമെന്നാവശ്യപ്പെട്ട് അയ്യപ്പ സേവാ സംഘവും ഡി.ആര്‍.എമ്മിന് നിവേദനം നല്‍കി.

കഴിഞ്ഞവര്‍ഷം നിര്‍ത്തലാക്കിയ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കാനും മൂന്ന് പില്‍ഗ്രിം കേന്ദ്രങ്ങളിലായി 50 ശൗചാലയങ്ങളൊരുക്കാനും തീരുമാനമായി.കുടിവെള്ളം, വിരിവെക്കാന്‍ സൗകര്യം, സഹായകേന്ദ്രം, സി.സി.ടി.വി. ക്യാമറ, മൊബൈല്‍ ചാര്‍ജിങ് സൗകര്യം, സൗജന്യ വൈഫൈ തുടങ്ങിയവ ഏര്‍പ്പെടുത്തും. സ്റ്റേഷനു മുന്നിലുള്ള ഓട വൃത്തിയാക്കാന്‍ നഗരസഭയ്ക്കു റെയില്‍വേ അനുമതി നല്‍കി. നഗരത്തില്‍ സാംക്രമിക രോഗങ്ങളടക്കം റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ ഓടകള്‍ വൃത്തിയാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ജല അതോറിറ്റി, റെയില്‍വേ സ്റ്റേഷന്‍, മഹാദേവക്ഷേത്രം, കെ.എസ്.ആര്‍.ടി.സി., വണ്ടിമല ദേവസ്ഥാനം തുടങ്ങിയ സ്ഥലങ്ങളിലായി 25 കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ കുടിവെള്ളം വിതരണംചെയ്യും. പോലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ ഹെല്‍പ്പ് ഡെസ്‌ക്, എയ്ഡ് പോസ്റ്റ് എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി റെയില്‍വേയുടെ നിയമാവലിയനുസരിച്ച് അനുവദിക്കുമെന്നും ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ യോഗം ഉദ്ഘാടനംചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എം.പി. അധ്യക്ഷനായി. നഗരസഭാധ്യക്ഷ ശോഭാ വര്‍ഗീസ്, കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, പാസഞ്ചേഴ്സ് അസോസിയേഷന്‍ തുടങ്ങിയവയുടെ ഭാരവാഹികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സമയബന്ധിതമായി പൂര്‍ത്തിയാക്കണം -സജി ചെറിയാന്‍ ശബരിമല തീര്‍ഥാടനം തുടങ്ങുംമുന്‍പ് വിവിധ വകുപ്പുകള്‍ ചെയ്യേണ്ട ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു. നേരത്തേ നടന്ന അവലോകന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ചെങ്ങന്നൂരിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുമുണ്ടാകാന്‍ പാടില്ല. ശുചീകരണ പ്രവര്‍ത്തനമുള്‍പ്പെടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!