ആയിരക്കണക്കിന് ലഹരിവില്‍പ്പന സൈറ്റുകള്‍; ഏത് ലഹരിയും ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് വാങ്ങാം

Share our post

കൊച്ചി: ഡാര്‍ക്ക് വെബ്ബും ക്രിപ്‌റ്റോ കറന്‍സിയും ഉപയോഗിച്ചുള്ള ലഹരി ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) യുടെ ആന്റി നര്‍ക്കോട്ടിക് ദൗത്യസംഘം രൂപവത്കരിച്ച് നിരീക്ഷണം ശക്തമാക്കി.സംശയകരമായ ഇടപാടുകള്‍ തടയാന്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യസമയത്ത് വിവരം കൈമാറുന്നതും തടയുന്നതുമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാകും ദൗത്യസംഘം ചെയ്യുക. ഇതോടൊപ്പം കൂടിവരുന്ന നാര്‍ക്കോ-ഭീകരവാദ കേസ് നിരീക്ഷിക്കാന്‍ ജോയിന്റ് കോഡിനേഷന്‍ കമ്മിറ്റിക്കും (ജെ.സി.സി.) രൂപം നല്‍കി.രാജ്യത്തെ മുഴുവന്‍ ലഹരിക്കേസുകളിലും അറസ്റ്റിലായ പ്രതികളുടെ വിവരം എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുംവിധം നാഷണല്‍ ഇന്റഗ്രേറ്റഡ് ഡേറ്റാബേസ് പോര്‍ട്ടലും തുടങ്ങിയിട്ടുണ്ട്. ഇതോടെ അന്തസ്സംസ്ഥാന ലഹരിക്കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ വിവിധ അന്വേഷണ സംഘങ്ങള്‍ക്ക് ലഭ്യമാകും.

സെബര്‍ തട്ടിപ്പ് സംഘങ്ങള്‍ സ്വരൂപിക്കുന്ന പണമുള്‍പ്പെടെ ക്രിപ്റ്റോ കറന്‍സി വഴി ലഹരി വാങ്ങാന്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. സാമൂഹിക മാധ്യമങ്ങളിലൂടെടെയാണ് ഇടപാടുകാര്‍ ആവശ്യക്കാരെ സമീപിക്കുന്നത്. പിന്നീട് ക്രിപ്‌റ്റോ കറന്‍സി വഴി പണം സ്വീകരിക്കും. പിന്നാലെ വിദേശത്തുനിന്ന് കൂറിയര്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഹരി എത്തിച്ചുനല്‍കും. സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ലഹരിസംഘങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. ഷോപ്പിങ് സൈറ്റുകള്‍പോലുള്ള ആയിരക്കണക്കിന് ലഹരിവില്‍പ്പന സൈറ്റുകളാണുള്ളത്. ഏത് ലഹരിമരുന്നും ബിറ്റ്കോയിന്‍ ഉപയോഗിച്ച് വാങ്ങാം. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി നേരിട്ട് ഇടപാടുകള്‍ നടത്താമെന്നിരിക്കേ, ഇത്തരം ലഹരിവസ്തുക്കള്‍ കൂറിയര്‍ വഴിയെത്തിക്കുകയാണ് ചെയ്യുന്നത്.

ഡാര്‍ക്ക് വെബ്സൈറ്റുകളിലെ ഇടപാടുകാരുടെ വിശദാംശങ്ങള്‍ കണ്ടെത്തുക എളുപ്പമല്ല. സന്ദര്‍ശിക്കുന്നവരുടെ ഇന്റര്‍നെറ്റ് വിലാസം (ഐ.പി. അഡ്രസ്) കണ്ടെത്തുകയെന്നതും ദുഷ്‌കരമാണ്. ലഹരി വില്‍ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ നേരിട്ട് ഇടപാടുകളില്ലാത്തതിനാല്‍ പിടികൂടുക പ്രയാസം. പോളണ്ട്, നെതര്‍ലന്‍ഡ്സ്, യു.എസ്.എ. എന്നീ രാജ്യങ്ങളില്‍നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ലഹരിശൃംഖല ശക്തമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!