ഓർമച്ചുവരിൽ നിണമൊഴുകിയ കാലം

Share our post

തളിപ്പറമ്പ്:ഭരണകൂട മർദകവാഴ്‌ചയെ അടിമകളെപ്പോലെ സഹിക്കാൻ തയ്യാറല്ലെന്ന ജനശക്തിയുടെ താക്കീത്‌ ചുവരിലെ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം. ഓരോചിത്രവും കാലംമായ്‌ക്കാത്ത ഓർമകളെ പൂർണത കൈവിടാതെ അനാവരണംചെയ്‌തിരിക്കുന്നു ചുവരുകളിൽ. സി.പി.ഐ.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിനോട്‌ ചേർന്ന കെ കെ എൻ പരിയാരം സ്‌മാരക മന്ദിരത്തിലാണ്‌ നാടിന്റെ സ്വാതന്ത്രത്തിനായി വെടിയുണ്ടകളെ തോൽപ്പിച്ച് മുന്നേറിയ ജനകീയചരിത്രം അനാവരണംചെയ്‌തത്‌. 1940 സെപത്ംബർ 15ന് അഖില മലബാർ കർഷകസംഘവും കമ്യൂണിസ്‌റ്റ്‌ പാർടിയും സാമ്രാജ്യത്വത്തിനും മർദനത്തിനുമെതിരെ മൊറാഴയിൽനടന്ന പ്രതിഷേധ പ്രകടനത്തിനിടെ മർദകവീരനായ സബ് ഇൻസ്‌പെക്ടർ കുട്ടിക്കൃഷ്ണമേനോന്റെ ലാത്തിയടിയേറ്റ് പിടഞ്ഞുവീഴുമ്പോഴും മുദ്രാവാക്യംമുഴക്കി ചെങ്കൊടി വീഴാതെ മുറുകെപ്പിടിക്കുന്ന തൊഴിലാളികളെയും നിരോധനം ലംഘിച്ചുള്ള പൊതുയോഗത്തിൽ വിഷ്ണുഭാരതീയൻ, ഇ കെ നായനാർ, കെ പി ആർ ഗോപാലൻ തുടങ്ങിയവർ സംസാരിക്കുന്നതും വരച്ചുചേർത്തിട്ടുണ്ട്‌. പൊലീസ് സംഘം നിരപരാധികളായ തൊഴിലാളികളെയും നാട്ടുകാരെയും ക്രൂരമായി മർദിക്കുന്നതും അറാക്കൽ കുഞ്ഞിരാമനെ നിലത്തിട്ട് ചവിട്ടുന്നതും ചിത്രത്തിലുണ്ട്‌. 1939ൽ ബക്കളത്ത് നടന്ന പത്താംരാഷ്ട്രീയ സമ്മേളന സ്മരണകൾ, 1930ലെ ഉപ്പുസത്യഗ്രഹജാഥക്ക്‌ തളിപ്പറമ്പിൽ നൽകിയ സ്വീകരണം, 1948ൽ കമ്യൂണിസ്റ്റുകാർക്കെതിരെ മാവിച്ചേരിയിൽ പൊലീസും ഗുണ്ടകളും നടത്തിയ അക്രമം, അക്രമത്തിനിടെ ഓടിരക്ഷപ്പെട്ട അമ്മയും മകളും തൊട്ടടുത്ത കൂരയിലിരുന്നു സ്വന്തംവീട് കത്തിയെരിയുന്ന കാഴ്‌ച ദയനീയമായി നോക്കുന്ന കണ്ണുകളായും ചിത്രത്തിലുണ്ട്. എ കെ ജി ഉൾപ്പെടെയുള്ള നേതാക്കളെത്തി വീട് നിർമിക്കാനുള്ള സഹായം നൽകുന്നതും ആവിഷ്‌കരിച്ചിട്ടുണ്ട്. പഞ്ചവർണ കളറിലാണ് ചുവർചിത്രമൊരുക്കിയത്‌. ചുവർചിത്രകാരനായ അരിയിലെ പി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ്‌ കൂറ്റൻ ചിത്രം പൂർത്തിയാക്കിയത്.
നവീകരിച്ച കെ കെ എൻ പരിയാരം ഹാളും ചരിത്രചിത്രച്ചുവരും 24ന്‌ വൈകിട്ട്‌ നാലിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. കെ കുഞ്ഞപ്പയുടെ സ്‌മരണയ്‌ക്ക്‌ നിർമിച്ച മിനിഹാൾ ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!