റവന്യൂ ജില്ലാ സ്‌കൂൾ കായികമേള നാളെ മുതൽ

കണ്ണൂർ: റവന്യൂ ജില്ലാ സ്‌കൂൾ കായികമേള നാളെ മുതൽ 23 വരെ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 15 ഉപജില്ലകളിൽ നിന്ന് ഒന്നു മുതൽ മൂന്നാം സ്ഥാനം വരെ ലഭിച്ച മൽസരാർഥികളും തലശ്ശേരി സായി സെന്ററിൽ നിന്ന് 14 കുട്ടികളും, കണ്ണൂർ സ്‌പോർട്സ് ഡിവിഷനിൽ നിന്ന് 37 കുട്ടികളുമടക്കം 2500 ൽപരം മൽസരാർത്ഥികൾ പങ്കെടുക്കും.
നാളെ രാവിലെ 6.15 ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ എൻ ബാബു മഹേശ്വരി പ്രസാദ് പതാക ഉയർത്തുന്നതോടെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 3000 മീറ്റർ മത്സരങ്ങൾ ആരംഭിക്കും. രാവിലെ ഒമ്പതിന് സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ (അണ്ടർ 14, 17, 19) ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 98 മത്സരയിനങ്ങൾ മൂന്ന് ദിവസങ്ങളിലായി ഈ മേളയിൽ നടക്കും.
സമാപന സമ്മേളനം ഒക്ടോബർ 23 ന് വൈകിട്ട് 4.30ന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത ഉദ്ഘാടനം ചെയ്യും.