ഫലസ്തീനികള്‍ ഗസ വിട്ടു പോവില്ല; യുദ്ധം നിര്‍ത്തണമെന്ന് പുടിന്‍

മോസ്‌കോ: ഫലസ്തീനികള്‍ ഗസയില്‍ നിന്ന് ഒഴിഞ്ഞു പോവില്ലെന്നും ഇസ്രായേല്‍ യുദ്ധം നിര്‍ത്തണമെന്നും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. സമാധാനം ഉറപ്പാക്കാന്‍ ഐക്യരാഷ്ട്ര സഭയും യുഎസും യൂറോപ്യന്‍ യൂനിയനും റഷ്യയും ചേര്‍ന്ന് മുമ്പ് രൂപീകരിച്ച മിഡില്‍ ക്വാര്‍ട്ടറ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റ് ക്വാര്‍ട്ടറ്റിന്റെ പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ യുഎസ് ശ്രമിക്കുകയാണ്. ഗസ മുനമ്പിലെ യുദ്ധം ഇസ്രായേല്‍ അവസാനിപ്പിക്കണം. പൂര്‍ണ ശക്തമായ ഒരു ഫലസ്തീന്‍ രാജ്യം രൂപീകരിക്കണം.
ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ പൂര്‍ണ്ണശക്തിയുള്ള ഒരു ഫലസ്തീന്‍ രാജ്യം രൂപീകരിക്കണം. ഇത് സോവിയറ്റ് കാലം മുതലേ റഷ്യയുടെ നിലപാടാണ്”- പുടിന്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ മാത്രം മതിയെന്നാണ് യുഎസ് കരുതുന്നത്. അവരുടെ ഇടപെടലുകള്‍ പൂര്‍ണ പരാജയമായിരുന്നുവെന്നാണ് നിലവിലെ സ്ഥിതി കാണിക്കുന്നതെന്നും പുടിന്‍ കൂട്ടിചേര്‍ത്തു.