നവീൻകുമാർ മടങ്ങി പ്രിയപ്പെട്ടവരുടെ അടുക്കലേക്ക്‌

Share our post

തലശേരി:നഷ്‌ടപ്പെട്ടുവെന്നു കരുതിയിടത്തുനിന്നും മൂന്നുവർഷങ്ങൾക്കിപ്പുറം മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഹരിയാന സ്വദേശികൾ. ആനന്ദത്താൽ ആശ്ലേഷിച്ചും ചുംബിച്ചും നവീനിനെ പിതാവ്‌ സുശീൽകുമാർ ചേർത്തുപിടിച്ചു. തലശേരി ഗവ. ചിൽഡ്രൻസ് ഹോം ജീവനക്കാരുടെ ഇടപെടലിലാണ്‌ ഭിന്നശേഷിക്കാരനായ നവീൻകുമാറി(23)ന്റെ കുടുംബത്തെ മണിക്കൂറുൾക്കകം കണ്ടെത്താനായത്‌.
14ന്‌ രാത്രി മട്ടന്നൂർ കോളോളത്ത് സംശയാസ്‌പദമായ രീതിയിൽ കാണപ്പെട്ട യുവാവിനെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി. കണ്ണൂർ സിഡബ്ല്യുസിയുടെ നിർദേശപ്രകാരം തലശേരി ചിൽഡ്രൻസ് ഹോമിൽ എത്തിച്ചു. ഉടൻ ചിൽഡ്രൻസ്‌ ഹോം ജീവനക്കാർ യുവാവിന്റെ രക്ഷിതാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമമാരംഭിച്ചു.

മിസിങ്‌ പേഴ്സൺ കേരള വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ കൂടിയായ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഒ.കെ മുഹമ്മദ്‌ അഷറഫ് വിവിധ ഉത്തരേന്ത്യൻ ഗ്രൂപ്പുകൾ വഴിയും പരിചയക്കാർ വഴിയും നടത്തിയ അന്വേഷണത്തിനൊടുവിൽ നവീൻ കുമാറിന്റെ കുടുംബത്തെ കണ്ടെത്തുകയായിരുന്നു. ഹരിയാന പഞ്ചഗുള ആന്റി ഹ്യൂമൺ ട്രാഫിക്കിങ് എസ്‌.ഐ രാജേഷ് കുമാറിന്റെ സഹായവുമുണ്ടായി.ഹരിയാനയിലെ ഫാത്തിയാബാദ്‌ ജില്ലയിൽ ടൊഹാന സ്വദേശികളുടെ മകനെ മൂന്നുവർഷം മുമ്പാണ്‌ കാണാതാവുന്നത്‌. ഹരിയാന പൊലീസിൽ പരാതി നൽകിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല. മൂന്ന്‌ വർഷത്തിനിപ്പുറം മകന്റെ മുഖം വീഡിയോകോളിൽ തെളിഞ്ഞപ്പോൾ അമ്മ അനിതയ്‌ക്കും കുടുംബാംഗങ്ങൾക്കും സന്തോഷക്കണ്ണീരിന്റെ നിമിഷങ്ങളായി.
വ്യാഴാഴ്‌ച രാവിലെ വിമാനമാർഗം തലശേരിയിലെത്തിയ ബന്ധുക്കൾ നവീനിനെയും കൂട്ടി സ്വദേശത്തേക്ക്‌ മടങ്ങി. സിഡബ്ല്യു ഐ.പി.കെ ഷിജു, സിഡബ്ല്യുസി ചെയർമാൻ അഡ്വ. രവി എന്നിവരും കുടുംബത്തെ യാത്ര അയക്കാനുണ്ടയി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!