അണിയലങ്ങൾ ഒരുങ്ങി ഉത്തരമലബാറിൽ വീണ്ടും തെയ്യാട്ടക്കാലം

Share our post

പയ്യന്നൂർ:ഉത്തരമലബാറിന്‌ ആഘോഷമായി ഇനി കളിയാട്ടക്കാലം. ഇടവപ്പാതിയോടെ അരങ്ങൊഴിഞ്ഞ തെയ്യങ്ങൾ കാവുകളിലും ക്ഷേത്രങ്ങളിലും വീണ്ടും ചിലമ്പണിയുന്നത് തുലാം പത്തിനാണെങ്കിലും തറവാടുകളിൽ തുലാം ഒന്നിന് തന്നെയെത്തും. അണിയറയിൽ അണിയലങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ആടയാഭരണങ്ങൾ മിനുക്കിയെടുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരന്മാർ.തെയ്യക്കോലങ്ങൾക്ക്‌ ചമയങ്ങൾ ഏറെ പ്രധാനമാണ്. ആചാരനിഷ്ഠയോടും വ്രതശുദ്ധിയോടെയുമാണ് ഇവ ഒരുക്കുക. വലിയമുടി, വട്ടമുടി, പീലിമുടി, തിരുമുടി, തൊപ്പിച്ചമയം, പൂക്കട്ടിമുടി തുടങ്ങിയവ മുരിക്ക്, കൂവൽ തുടങ്ങിയ ഭാരംകുറഞ്ഞ മരങ്ങൾകൊണ്ടാണ് രൂപപ്പെടുത്തുന്നത്.

കവുങ്ങിന്റെ അലക്, ഓടമുള, വെള്ളി, ഓട് ഇവകൊണ്ട്‌ നിർമിച്ച ചെറുമിന്നികൾ, ചന്ദ്രക്കലകൾ, മയിൽപ്പീലി, വ്യത്യസ്ത പൂക്കൾ, കുരുത്തോല എന്നിവയും മുടിനിർമാണത്തിന് ഉപയോഗിക്കുന്നു. ഓലച്ചമയങ്ങൾ കളിയാട്ട സ്ഥലങ്ങളിൽ തെയ്യക്കോലമനുസരിച്ചാണ്‌ നിർമിക്കുക. പൂക്കട്ടിമുടിയുള്ള തെയ്യങ്ങൾക്ക് ചിറകുടുപ്പും രക്തചാമുണ്ഡി, പുതിയ ഭഗവതി തുടങ്ങിയവയ്‌ക്ക്‌ വെളുമ്പനും നാഗകന്യക, ക്ഷേത്രപാലകൻ, മുച്ചിലോട്ട് ഭഗവതി തുടങ്ങിയവയ്‌ക്ക് വിതാനത്തറ തുടങ്ങി വ്യത്യസ്ത വേഷങ്ങളാണ്‌.പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഊർബലിക്കകത്ത് തെയ്യാട്ടക്കാലത്തിന് ഉടൻ തുടക്കമാകും. പയ്യന്നൂർ മമ്പലത്തെ തെക്കടവൻ തറവാട്ടിലും ചിലമ്പൊലിയുയരും. തുലാം ഒന്നിനാണ് കുണ്ടോറ ചാമുണ്ടി പുത്തരി കളിയാട്ടം. മോന്തിക്കോലം, കുറത്തിയമ്മ, കുണ്ടോറ ചാമുണ്ഡി, കൂടെയുള്ളോർ എന്നിവയാണ് ഇവിടെ കെട്ടിയാടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!