വരൂ… ചിറക്കൽചിറയിലേക്ക്‌

Share our post

കണ്ണൂർ:ചിറക്കലിന്റെ ചരിത്രം അടയാളപ്പെടുത്തിയ ചിറക്കൽചിറ ഇന്ന് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വിവിധ ഘട്ടങ്ങളായുള്ള സൗന്ദര്യവൽക്കരണം പൂർത്തിയായതോടെ ഏവരെയും ആകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നു.വൈകിട്ടും രാത്രിയും നിരവധിപേരാണ് ചിറയുടെ സൗന്ദര്യം നുകരാനും ഫോട്ടോ പകർത്താനും എത്തുന്നത്. തെളിനീരൊഴുകുന്ന ചിറയും ചെങ്കൽപടവുകളും സഞ്ചാരികൾക്ക് നയന മനോഹര കാഴ്ചയാണ്‌ സമ്മാനിക്കുന്നത്‌.വിവാഹ ഫോട്ടോ ഷൂട്ടിനായി ഒട്ടേറെപേരാണ്‌ ദിവസവും എത്തുന്നത്‌. ശോച്യാവസ്ഥയിലായ ചിറയുടെ മുഖച്ഛായ മാറ്റിയ നവീകരണ പ്രവൃത്തികളാണ് സമീപകാലത്ത്‌ നടന്നത്‌.
2022 ഒക്ടോബർ 28നാണ് മന്ത്രി റോഷി അഗസ്‌റ്റിൻ നവീകരണ പ്രവൃത്തി പൂർത്തിയാക്കി ചിറ നാടിന് സമർപ്പിച്ചത്. മണ്ണും ചെളിയും നീക്കി പടവുകൾ പുനർനിർമിച്ചും സംരക്ഷണഭിത്തി കെട്ടിയുമായിരുന്നു നവീകരണം. 53,949 ഘനമീറ്റർ മണ്ണാണ്‌ നീക്കിയത്‌. ഇതോടെ ജലസംഭരണശേഷി 799.93 ലക്ഷം ലിറ്ററിൽ നിന്ന് 1339.42 ലക്ഷം ലിറ്ററായി.

ഹരിതകേരളം ടാങ്ക്‌സ് ആൻഡ് പോണ്ട്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തി ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്.അരക്കോടി രൂപ ഉപയോഗിച്ചായിരുന്നു സൗന്ദര്യവൽക്കരണം. റോഡിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചിറയുടെ രണ്ടു ഭാഗത്തുള്ള റോഡുകൾ ഇന്റർലോക്കുചെയ്തു. രണ്ടു ആൽമരങ്ങൾക്ക് തറകെട്ടി. മഴയിൽ ചെളിവെള്ളം ചിറയിലെത്താതിരിക്കാൻ തോടിന് ഷട്ടർ സ്ഥാപിച്ചു. കെ. വി സുമേഷ് എം.എൽ.എയുടെ ആസ്ഥി വികസഫണ്ടിൽനിന്ന്‌ തുക വിനിയോഗിച്ച് ചിറയ്ക്കുചുറ്റും ഒരു ഹൈമാസ്റ്റ് ലൈറ്റും അഞ്ച് മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചതോടെ പ്രകാശപൂരിതമായി.മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കി ചരിത്രപ്രാധാന്യമുള്ള ചിറയെ ടൂറിസം കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നതെന്നും സയാഹ്നങ്ങളിൽ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നതെന്ന് കെ വി സുമേഷ് എം.എൽ.എ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!