ഇന്ത്യ-കാനഡ തര്‍ക്കം:വിസ ഇടപാടുകള്‍ വൈകിയേക്കും,വിദ്യാര്‍ഥികള്‍ക്കും പ്രയാസം

Share our post

ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രതര്‍ക്കം വിസാ നടപടികളുടെ വേഗം കുറയ്ക്കും. പ്രധാന നയതന്ത്ര ഉദ്യോഗസ്ഥരെ ഇരുരാജ്യവും പുറത്താക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്ത സാഹചര്യത്തില്‍ വിസാ നടപടികള്‍ പരിമിതപ്പെടാനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്ന് നയതന്ത്രവിദഗ്ധര്‍ പറഞ്ഞു. തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞദിവസം വിദേശകാര്യമന്ത്രാലയം നയതന്ത്രതലത്തില്‍ നടപടികളെടുത്തത്. ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയ സാഹചര്യത്തില്‍, വിസാ നടപടികള്‍ നിര്‍വഹിക്കാനുള്ള സംവിധാനം, ഉദ്യോഗസ്ഥബലം എന്നിവ ഡല്‍ഹിയിലെ കനേഡിയന്‍ സ്ഥാനപതികാര്യാലയത്തില്‍ പരിമിതപ്പെടും. വിതരണം ചെയ്യുന്ന വിസകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഇതിടയാക്കും.

നിജ്ജര്‍വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നടത്തിയ പശ്ചാത്തലത്തില്‍ കനേഡിയന്‍ പൗരര്‍ക്ക് വിസ നല്‍കുന്നത് 2023 സെപ്റ്റംബറില്‍ ഇന്ത്യ ഒരുമാസത്തേക്ക് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാനഡയും താത്കാലികമായി വിസ വിതരണവും ബെംഗളൂരു, ചണ്ഡീഗഢ്, മുംബൈ എന്നിവിടങ്ങളിലെ കോണ്‍സുലര്‍ സേവനങ്ങളും നിര്‍ത്തിവെച്ചു. 2023 നവംബറില്‍ ഘട്ടംഘട്ടമായി ഇന്ത്യ വിസ വിതരണം പുനരാരംഭിക്കുകയായിരുന്നു.

വിമാനസര്‍വീസുകളെ ബാധിക്കും

വിസനിയന്ത്രണം കാരണം വിദ്യാര്‍ഥികളുടെ എണ്ണംകുറയുന്നതും വിനോദസഞ്ചാരികളുടെ വരവു കുറയുന്നതും ഇരുരാജ്യത്തെയും വിമാനക്കമ്പനികളുടെ വരുമാനത്തെ ബാധിക്കും. എയര്‍ കാനഡയും എയര്‍ ഇന്ത്യയുമാണ് ഇരുരാജ്യത്തിനുമിടയില്‍ സര്‍വീസ് നടത്തുന്ന വലിയ വിമാനക്കമ്പനികള്‍. കഴിഞ്ഞവര്‍ഷത്തെ 45 ശതമാനം യാത്രക്കാരെയും ഈ രണ്ടു കമ്പനികളാണ് കൈകാര്യം ചെയ്തത്.

2023-ല്‍ 22 ലക്ഷംപേര്‍ ഇരുരാജ്യത്തേക്കും യാത്രചെയ്തിട്ടുണ്ട്. 2023-ല്‍ ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളില്‍ നാലുശതമാനം കാനഡയില്‍നിന്നായിരുന്നു. ഇതുകൂടാതെ, ബന്ധുക്കളെ കാണുന്നതിന് കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ നാട്ടിലെത്താറുമുണ്ട്. ഈ അവസരവും പരിമിതപ്പെടും. എന്നാല്‍, ഒ.സി.ഐ. കാര്‍ഡും ദീര്‍ഘകാല വിസയുമുള്ള ഇന്ത്യന്‍വംശജര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാനിടയില്ല.

വിദ്യാര്‍ഥികള്‍ക്ക് പ്രയാസം

വിസനിയന്ത്രണവും കാലതാമസവും ഇന്ത്യന്‍ വിദ്യാര്‍ഥികളെയായിരിക്കും കൂടുതല്‍ ബാധിക്കുക. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥി സമൂഹത്തില്‍ 41 ശതമാനം ഇന്ത്യക്കാരാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!