തിരുവനന്തപുരം: ദീര്‍ഘദൂര യാത്രയ്ക്ക് പുതിയ പ്രീമിയം ബസ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പത്ത് ബസുകളാണ് നിരത്തിലേക്കിറങ്ങുന്നത്. സുരക്ഷയ്ക്കും യാത്രാ സൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കികൊണ്ടാണ് പുതിയ വാഹനം ഇറക്കിയിരിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ് ബസുകളേക്കാള്‍ അല്‍പം കൂടുതലും മറ്റ് എ.സി. ബസുകളേക്കാള്‍ കുറവുമായിരിക്കും ഇതിലെ യാത്രാനിരക്ക്.പഴയ സൂപ്പര്‍ ഫാസ്റ്റുകള്‍, ലോ ഫ്ളോര്‍ എസി ബസുകള്‍ എന്നിവയ്ക്കു പകരം ചെലവു കുറഞ്ഞ നാല് സിലിണ്ടര്‍ എന്‍ജിനുള്ള, മൈലേജ് കൂടിയതും വിലകുറഞ്ഞതുമായ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ ഓടിക്കാനാണ് കെ.എസ്ആര്‍.ടിസിയുടെ പദ്ധതി.
നിലവില്‍ ഉപയോഗിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും പ്രീമിയം എസി ബസുകളും കാലപ്പഴക്കത്താല്‍ നിരത്തില്‍ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമാണ്. ഇതാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍. നിലവിലെ സര്‍വീസുകള്‍ വിജയകരമായാല്‍ തുടര്‍ന്നും കൂടുതല്‍ ബസുകള്‍ വരും.
പ്രീമിയം സൂപ്പര്‍ഫാസ്റ്റ് തിരുവനന്തപുരത്ത് നിന്നുള്ള നിരക്ക്
(ലോ ഫ്‌ളോറിനെക്കാള്‍ കുറവ്; സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കൂടുതല്‍)
തൊടുപുഴ-350
കോട്ടയം-240
മൂവാറ്റുപുഴ-330
അങ്കമാലി-380
തൃശ്ശൂര്‍-450
പാലക്കാട്-550
ചടയമംഗലം-100
കൊട്ടാരക്കര-120
പത്തനാപുരം-150
പത്തനംതിട്ട-190
എരുമേലി-240
ഈരാറ്റുപേട്ട-290
എ.സി. പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി.യില്‍ മാസം ആദ്യംതന്നെ ശമ്പളം നല്‍കാനുള്ള നടപടി ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.യുടെ എ.സി. പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ശമ്പളം മാസം ആദ്യം ലഭിക്കുക എന്നത് ജീവനക്കാരുടെ ആഗ്രഹമാണ്. അതിനും അടുത്തു തന്നെ ഇടയാക്കും’ മുഖ്യമന്ത്രി വ്യക്തമാക്കി.
നല്ല ഭാവിയിലേക്ക് കെ.എസ്.ആര്‍.ടി.സി. കുതിക്കുകയാണ്. കടുത്ത പ്രതിസന്ധി നേരിട്ട സ്ഥാപനമാണ്. രക്ഷിക്കാന്‍ കാര്യമായ ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. – മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അധ്യക്ഷനായി. 15 മാസമായി രണ്ട് തവണയായി ശമ്പളം നല്‍കിയിരുന്നത് ഒഴിവാക്കി ഒറ്റത്തവണയായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ടത്തില്‍ മാസം ഒന്നിനോ രണ്ടിനോ ശമ്പളം നല്‍കും. ഡ്രൈവര്‍ ഉറങ്ങാന്‍ തുടങ്ങിയാലോ, മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാലോ കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കുന്ന ക്രമീകരണം ബസിലുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ സെപ്റ്റംബറിലെ ശമ്പളം നല്‍കും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും ഇന്‍സെന്റീവ് നല്‍കുന്നത് പരിഗണനയിലുണ്ട്- മന്ത്രി പറഞ്ഞു.
10 ബസുകളാണ് ആദ്യഘട്ടത്തില്‍ ഇറങ്ങിയത്. മികച്ച വരുമാനം നേടിയ യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. പി.എസ്.പ്രമോജ് ശങ്കര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.ജി.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.