എ.ഡി.എം നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ വീടിന് സി.പി.എം സംരക്ഷണം, പുറത്ത് വനിതാ പ്രവർത്തകരും

കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം. ബി.ജെ.പി.യും യൂത്ത് കോണ്‍ഗ്രസും പി.പി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുകൾ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.ബുധനാഴ്ച രാവിലെ തന്നെ സി.പി.എം. പ്രവര്‍ത്തകര്‍ ദിവ്യയുടെ വീടിന് മുന്നിലെത്തിയിരുന്നു. പാർട്ടിയുടെ വനിതാ പ്രവർത്തകരാണ് ഭൂരിഭാഗവും. ലോക്കല്‍ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തുണ്ട്. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ദിവ്യ ഇതുവരെ തയ്യാറായിട്ടില്ല. ചൊവ്വാഴ്ച പങ്കെടുക്കാൻ നിശ്ചയിച്ച പൊതു പരിപാടികളിലും അവർ എത്തിയിരുന്നില്ല.
കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബു (55) ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ സംരക്ഷണം.തിങ്കളാഴ്ച കണ്ണൂർ കളക്ടേററ്റിൽ ചേർന്ന യോഗത്തിൽ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നവീൻ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. പെട്രോൾപമ്പിന് എതിർപ്പില്ലാരേഖ നൽകുന്നതിൽ നവീൻബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം.