തരംമാറ്റൽ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ

കണ്ണൂർ: ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ സമയ ബന്ധിതമായി തീർപ്പാക്കുന്നതിന് സർക്കാർ നടത്തുന്ന തരംമാറ്റൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25-ന് കണ്ണൂരിൽ നടക്കും.രാവിലെ 10-ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ രാജൻ നിർവഹിക്കും. 25 മുതൽ നവംബർ 15 വരെ താലൂക്ക് അടിസ്ഥാനത്തിൽ തരംമാറ്റൽ അദാലത്തുകൾ നടക്കും.ഓഗസ്റ്റ് 31 വരെ അപേക്ഷ ലഭിച്ചതും സൗജന്യമായി അനുവദിക്കേണ്ടതുമായ 25 സെൻറിൽ താഴെ ഭൂമി സംബന്ധിച്ച ഫോറം അഞ്ച്, ഫോറം ആറ് അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുക. ഉദ്ഘാടന ദിനം കണ്ണൂർ താലൂക്കിലെ തരംമാറ്റൽ അദാലത്ത് നടക്കും.തളിപ്പറമ്പ് താലൂക്കുതല തരംമാറ്റൽ അദാലത്ത് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ 26-ന് നടക്കും.തലശ്ശേരി താലൂക്കുതല അദാലത്ത് രണ്ടിന് തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിലും പയ്യന്നൂർ താലൂക്കുതല അദാലത്ത് ആറിന് പയ്യന്നൂർ താലൂക്ക് ഓഫീസ് വളപ്പിലും നടത്തും.ഇരിട്ടി താലൂക്കുതല അദാലത്ത് 7ന് ഇരിട്ടി ബ്ലോക്ക് കോൺഫറൻസ് ഹാളിലാണ്.