സൂര്യശോഭയിൽ പെരളശേരിയുടെ ഊർജം

Share our post

പെരളശേരി:സ്വന്തം ഓഫീസുകളിലെ ആവശ്യത്തിനായി ഒരു ഗ്രാമപഞ്ചായത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കാഴ്ച കാണണമെങ്കില്‍ പെരളശേരിയിലെത്തുക. കേരളത്തിലെ ആദ്യത്തെ ഗ്രൗണ്ട് മൗണ്ടഡ് സൗരോര്‍ജ നിലയമാണ്‌ പിലാഞ്ഞിയിലെ മിനി വ്യവസായ എസ്‌റ്റേറ്റ് ഭൂമിയിൽ പഞ്ചായത്ത്‌ നേതൃത്വത്തിൽ സജ്ജമായത്‌. മാർച്ചിൽ പ്രവൃത്തി തുടങ്ങിയ പ്ലാന്റിൽ നിന്ന്‌ വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു. പഞ്ചായത്ത്, കൃഷി ഓഫീസുകളടക്കം മറ്റ് ഓഫീസുകൾ, അങ്കണവാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഇവിടെ ഉൽപ്പാദിപ്പിക്കാനാകുമെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് എ വി ഷീബ പറഞ്ഞു. തരിശായി കിടന്ന 30 സെന്റ് സ്ഥലത്താണ് 150 കിലോ വാട്ട് ശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്ലാന്റുകൾ സ്ഥാപിച്ചത്. 545 വാട്ട് ശേഷിയുള്ള നൂതന മോണോ പെര്‍ക്ക് സാങ്കേതികവിദ്യയിലുള്ള 276 പാനലുകളാണ് ഇവിടെയുള്ളത്. 600 യൂണിറ്റ് വൈദ്യുതി ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്. മിച്ചം വരുന്ന വൈദ്യുതി വ്യവസായ എസ്‌റ്റേറ്റിലെ മറ്റ് സംരംഭകര്‍ക്കും കെ എസ്‌ഇബിക്കും കൈമാറും. സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതിക്ക് ഒരുപഞ്ചായത്ത് മുന്‍കൈയെടുക്കുന്നത് ആദ്യമായാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!