ഉപഭോക്താവിന് ആശ്വാസം:വൈദ്യുതി സേവനങ്ങള്‍ക്ക് ജി.എസ്.ടി.ഒഴിവാക്കും

Share our post

തിരുവനന്തപുരം: വൈദ്യുതി വിതരണത്തിലും പ്രസരണത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനത്തെത്തുടര്‍ന്നാണിത്.മീറ്റര്‍വാടക, മീറ്ററും ലൈനുകളും മാറ്റുന്നത്, വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ബില്‍ എന്നിവയ്‌ക്കെല്ലാം നിലവില്‍ 18 ശതമാനം ജി.എസ്.ടി. ഈടാക്കുന്നുണ്ട്.എന്നാല്‍, വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി പ്രസരണത്തിനും വിതരണത്തിനും സാന്ദര്‍ഭികമായി വേണ്ടിവരുന്ന അനുബന്ധ സംവിധാനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കുന്നുവെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതില്‍ നിയമപരമായി ഏതൊക്കെ സേവനങ്ങള്‍ ഉള്‍പ്പെടുമെന്ന് വിജ്ഞാപനം പരിശോധിച്ച് തീരുമാനിക്കേണ്ടത് കെ.എസ്.ഇ.ബി.യാണ്.

കേരളത്തില്‍ വിവിധതരം കണക്ഷനുകള്‍ക്ക് ഇപ്പോള്‍ നല്‍കേണ്ട മീറ്റര്‍വാടക മാസം ആറുരൂപ മുതല്‍ 1000 രൂപവരെയാണ്. വീടുകളിലെ സാധാരണ ത്രീഫെയ്സ് കണക്ഷന് രണ്ടുമാസത്തെ ബില്ലില്‍ നല്‍കേണ്ടത് 30 രൂപയാണ്. ഇതിനിപ്പോള്‍ 18 ശതമാനം ജി.എസ്.ടിയായി 5.40 രൂപ ഈടാക്കുന്നു.വിജ്ഞാപനപ്രകാരം അടുത്ത ബില്‍ മുതല്‍ ജി.എസ്.ടി. ഒഴിവാക്കണം. വൈദ്യുതി കണക്ഷനുള്ള അപേക്ഷാഫീസില്‍ ഉള്‍പ്പെടെ ജി.എസ്.ടി. കുറയുന്നത് ഉപഭോക്താവിന് ആശ്വാസമാകും.

വിജ്ഞാപനം ഇറങ്ങിയെങ്കിലും ഇതൊഴിവാക്കി ബില്ലുകള്‍ നല്‍കുന്നതിന് വൈദ്യുതിബോര്‍ഡ് തീരുമാനിച്ചിട്ടില്ല. ജി.എസ്.ടി. വകുപ്പുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിജ്ഞാപനത്തിലെ വാചകങ്ങള്‍പ്രകാരം ഉപഭോക്താക്കളുമായി ബന്ധപ്പെട്ടയിനങ്ങള്‍ക്ക് നികുതി ഒഴിവാക്കണമെന്നാണ്. നികുതി ഒഴിവാക്കല്‍ വ്യവസ്ഥയുടെ വ്യാഖാന സാധ്യതകള്‍കൂടി പരിശോധിച്ച് തീരുമാനമെടുക്കാനും ജി.എസ്.ടി. വകുപ്പിന്റെ അഭിപ്രായം ആരായാനും ആസ്ഥാനത്തെ നികുതിവിഭാഗത്തെ കെ.എസ്.ഇ.ബി. ചുമതലപ്പെടുത്തി.മീറ്റര്‍ വാടകയ്ക്കും അപേക്ഷാ ഫീസിനും ജി.എസ്.ടി. വേണ്ടാ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!